Deshabhimani

എപ്‌സ്റ്റീനുള്ള ജന്മദിന സന്ദേശം; വാൾ സ്ട്രീറ്റ് ജേർണലിനെതിരായ ട്രംപിന്‍റെ മാനനഷ്ടക്കേസ് തള്ളി യുഎസ് കോടതി

trump epstein
വെബ് ഡെസ്ക്

Published on Nov 01, 2026, 04:31 PM | 1 min read

വാഷിങ്ടൺ : പ്രമുഖ അന്താരാഷ്ട്ര ദിനപത്രമായ വാൾ സ്ട്രീറ്റ് ജേർണലിനും മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപർട്ട് മർഡോക്കിനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ‍ട്രംപ് നൽകിയ 1000 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് തള്ളി യുഎസ് ഫെഡറൽ കോടതി. ലൈം​ഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ബന്ധമുണ്ടെന്ന് വാർത്തകൾ പ്രസിദ്ധീകരിച്ചതിനാണ് മാനനഷ്ടക്കേസ് നൽകിയത്.


ദുരുദ്ദേശ്യത്തോടെ ട്രംപിനെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ മാധ്യമസ്ഥാപനം ശ്രമിച്ചുവെന്ന് തെളിയിക്കാൻ പ്രസിഡന്റിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. മയാമിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഡാരിൻ പി ഗെയ്ൽസ് ആണ് ഹർജി തള്ളിയത്. ട്രംപിന്റെ വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാക്കിയ കോടതി, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഹർജി പരാജയപ്പെട്ടുവെന്ന് വിലയിരുത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് ട്രംപിന്റെ ഹർജി തള്ളുന്നത്. ഈ വിഷയത്തിൽ ട്രംപിന് ഇനി വീണ്ടും ഹർജി സമർപ്പിക്കാൻ സാധിക്കില്ല.


ഏപ്രിലിൽ ആദ്യ ഹർജി തള്ളിയതിന് ശേഷം ഭേദഗതി വരുത്തി മേയിൽ ട്രംപ് പുതിയ പരാതി നൽകിയിരുന്നെങ്കിലും അതും കോടതി തള്ളുകയായിരുന്നു. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ജന്മദിന ആശംസാ സന്ദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് കേസിന് ആധാരം. 2003 ൽ എപ്‌സ്റ്റീന്റെ 50-ാം ജന്മദിനത്തിന് നൽകിയ ആൽബത്തിൽ ട്രംപിന്റെ പേരിൽ ലൈംഗിക ചുവയുള്ള എഴുത്തും ചിത്രവും ഉണ്ടെന്നായിരുന്നു പത്രത്തിന്റെ റിപ്പോർട്ട്. എന്നാൽ ഈ ആരോപണം നിഷേധിച്ച ട്രംപ്, വാൾ സ്ട്രീറ്റ് ജേണലിന്റെ മാതൃകമ്പനിയായ ഡൗ ജോൺസിനും റൂപർട്ട് മർഡോക്കിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home