ഖഷോഗി വധം യുഎസ‌് പിന്തുണയോടെ: ഇറാൻ

വാഷിങ‌്ടൺ > സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധം അമേരിക്കയുടെ പിന്തുണയോടെയാണെന്ന‌് ഇറാൻ. അമേരിക്കയുടെ സഹായമില്ലാതെ സൗദി അറേബ്യക്ക‌് ഖഷോഗിയെ ഇല്ലാതാക്കാനാകില്ലെന്ന‌് ഇറാൻ പ്രസിഡന്റ‌് ഹസൻ റൂഹാനി പറഞ്ഞു. അമേരിക്ക ഇക്കാരം അറിഞ്ഞിട്ടില്ലെന്ന‌് ഒരിക്കലും ഈ ആധുനിക കാലഘട്ടത്തിൽ വിശ്വസിക്കാനാവില്ല. ഉന്നതതലത്തിൽ ഇത്ര കൃത്യമായി ആസൂത്രണം ചെയ‌്ത കൊലപാതകത്തെക്കുറിച്ച‌് ചിന്തിക്കാനാകില്ലെന്നും റൂഹാനി കൂട്ടിച്ചേർത്തു.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാന്റെ അറിവോടെയായിരിക്കാമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഖഷോഗി വധം സൗദി സമ്മതിച്ചതിനു പിന്നാലെ ആദ്യമായാണ‌് ട്രംപ‌് മുഹമ്മദ‌് ബിൻ സൽമാനെതിരെ രംഗത്തെത്തുന്നത‌്. മുഹമ്മദ‌് ബിൻ സൽമാനെ സംശയിക്കുന്നില്ലെന്ന‌് ആദ്യ ഘട്ടത്തിൽ ട്രംപ‌് പറഞ്ഞിരുന്നു. വാൾസ‌്ട്രീറ്റ‌് ജേർണലിന‌് നൽകിയ അഭിമുഖത്തിലാണ‌് ട്രംപിന്റെ വെളിപ്പെടുത്തൽ. സൗദിയിൽ ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത‌് മുഹമ്മദ‌് ബിൻ സൽമാനാണ‌്. അതുകൊണ്ടുതന്നെ ഖഷോഗി വധത്തെക്കുറിച്ചും അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാം– ട്രംപ‌് പറഞ്ഞു. സൗദി നടത്തിയത‌് എക്കാലത്തെയും വൃത്തികെട്ട മറച്ചുവയ‌്ക്കലാണ‌്‐ ട്രംപ‌് പറഞ്ഞു. സൗദിയുടെ പങ്ക‌് പൂർണമായും പുറത്തുവരുന്നതോടെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും വൈറ്റ‌്ഹൗസ‌് വൃത്തങ്ങൾ സൂചന നൽകി.
അതിനിടെ ഖഷോഗിയുടെ മൃതദേഹം നിക്ഷേപിച്ചെന്നു കരുതുന്ന ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിലെ കിണർ പരിശോധിക്കാൻ തുർക്കി പൊലീസിന‌് അനുമതി ലഭിച്ചു. കോൺസുലേറ്റിലെ പൂന്തോട്ടത്തിലുള്ള കിണറാണ‌് പരിശോധിക്കുക. കഴിഞ്ഞ ആഴ‌്ച കോൺസുലേറ്റും കോൺസൽ ജനറലിന്റെ വീടും അന്വേഷണസംഘം പരിശോധിച്ചിരുന്നു. അന്ന‌് കിണർ പരിശോധിക്കാൻ സൗദി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ഖഷോഗിയുടെ മൃതദേഹം കിണറ്റിൽ ഉള്ളതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഇത‌് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊലപാതക സംഘത്തിൽ രൂപസാദൃശ്യമുള്ള അപരന്റെ സാന്നിധ്യം സൗദി സ്ഥിരീകരിച്ചു. തെളിവുകൾ തുടച്ചുനീക്കാൻ ഫോറൻസിക‌് വിദഗ‌്ധരെയും ഖഷോഗി സുരക്ഷിതമായി കോൺസുലേറ്റ‌് വിട്ടെന്ന പ്രതീതി ഉണ്ടാക്കാൻ അപരനെയും ഉൾപ്പെടുത്തിയത‌്. ഖഷോഗി ഒച്ചവച്ചതോടെ കഴുത്തുഞെരിച്ച‌് കൊലപ്പെടുത്തുകയായിരുന്നു. 15 അംഗ സംഘത്തിലെ ഒമ്പതുപേർ കൊലപാതകശേഷം പരിഭ്രാന്തരായി. അതിനാൽ, ഉടൻ ഒരു തുർക്കി സഹായിക്ക‌് പരവതാനിയിൽ പൊതിഞ്ഞ‌് മൃതദേഹം മറവുചെയ്യാൻ നൽകിയെന്ന‌് സൗദി അധികൃതർ വാർത്താ ഏജൻസിക്ക‌് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖഷോഗി വധവുമായി ബന്ധപ്പെട്ട‌് തുർക്കി നടത്തുന്ന വെളിപ്പെടുത്തലുകൾ ചിലർക്ക‌് അസ്വസ്ഥത സൃഷ്ടിക്കുന്നതായി തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യീപ‌് എർദോഗാൻ പറഞ്ഞു. ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിൽ ഖഷോഗിയെ വധിച്ച സംഭവത്തിൽ പങ്കാളിയായ എല്ലാവരെയും തുർക്കി നിയമത്തിന‌് മുന്നിൽ കൊണ്ടുവരും– എർദോഗാൻ പറഞ്ഞു. അതിനിടെ ഖഷോഗിയുടെ മകനെ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാനെ വിമർശിച്ച‌് ട്വിറ്ററിൽ നിരവധിപേർ രംഗത്തെത്തി.
21 സൗദി ഉദ്യോഗസ്ഥരുടെ വിസ യുഎസ‌് റദ്ദാക്കി
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 21 സൗദി ഉന്നത ഉദ്യോഗസ്ഥരുടെ വിസ അമേരിക്ക റദ്ദാക്കും. യുഎസ‌് വിദേശ സെക്രട്ടറി മൈക‌് പോംപിയോയാണ‌് വിസ റദ്ദാക്കൽ പ്രഖ്യാപിച്ചത‌്. ഇത‌് പ്രാഥമിക നടപടി മാത്രമാണെന്നും ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട പൂർണ തെളിവുകൾ പുറത്തുവരുന്നതോടെ തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ‌്ക്കു പിന്നാലെ ബ്രിട്ടനും ഖഷോഗി വധവുമായി ബന്ധമുള്ളവരുടെ വിസ റദ്ദാക്കുമെന്ന‌് പ്രഖ്യാപിച്ചു. വധവുമായി ബന്ധപ്പെട്ടവരെ ബ്രിട്ടനിലേക്ക‌് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഇത‌് സൗദി കിരീടവകാശി മുഹമ്മദ‌് ബിൻ സൽമാനെ അറിയിക്കുമെന്നും ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ സൗദിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന‌് ഫ്രാൻസും വ്യക്തമാക്കി.









0 comments