മാപ്പപേക്ഷിച്ച‌് കോച്ച്, ആത്മവിശ്വാസത്തോടെ കുട്ടികള്‍

ബാങ്കോക‌് > വടക്കൻ തായ‌്‌ലൻഡിലെ യാങ‌്റായ‌് ഗുഹയിലകപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട‌് ക്ഷമചോദിച്ച‌് കോച്ച‌് തുവാം ഗുവാങും ഗുഹാജീവിതത്തിനും തളര്‍ത്താനാകാത്ത ആത്മവിശ്വാസവുമായി കുട്ടികളും എഴുതി കത്തുകള്‍ പുറത്തുവന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ മുങ്ങൽ വിദഗ‌്ധന്റെ കൈയിൽ നൽകിയ കത്തിലൂടെയാണ‌് കോച്ച‌് രക്ഷിതാക്കളോട‌് ക്ഷമ ചോദിച്ചത‌്. നിങ്ങളുടെ കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണ‌്. അവരെ ഞാൻ നന്നായി നോക്കും, നിങ്ങൾ നൽകിയ മാനസികപിന്തുണയ‌്ക്ക‌് നന്ദി, കത്തില്‍ പറയുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്നും ആരും വിഷമിക്കരുതെന്നും കുട്ടികള്‍ മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ചിലര്‍ കത്തില്‍ ഇഷ്ടഭക്ഷണം കൊടുത്തുവിടാന്‍ ആവശ്യപ്പെടുന്നുണ്ട്.അധ്യാപകരോട‌് ഞങ്ങൾക്ക‌് അധികം ഗൃഹപാഠം നല്‍കരുതെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.
എന്നാൽ, ഗുഹയ‌്ക്കുള്ളിൽ ഓക‌്സിജന്റെ അളവ‌് കുറഞ്ഞുവരുന്നത‌് രക്ഷിതാക്കളെയും രക്ഷാപ്രവർത്തകരെയും ആശങ്കയിലാഴ‌്ത്തിയിട്ടുണ്ട‌്. തടസ്സങ്ങളില്ലാതെ ശ്വാസോച്ഛാസം നടത്താൻ അന്തരീക്ഷത്തിൽ 21 ശതമാനം ഓക‌്സിജൻ വേണം. നിലവിൽ ഗുഹയ‌്ക്കുള്ളിലുള്ള ഓക‌്സിജന്റെ ശതമാനം 15 ശതമാനംആയി. ഇത‌് മറികടക്കാൻ ഗുഹയ‌്ക്കുള്ളിലേക്ക‌് ഓക‌്സിജൻ പമ്പ‌് ചെയ്യുന്നുണ്ട‌്. ഗുഹയ‌്ക്കുള്ളിലെ ചെളിയും വെള്ളവും നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും ഞായറാഴ‌്ചയോടെ കാലവർഷം ശക്തമാകുമെന്ന റിപ്പോര്‍ട്ട് ഭീഷണിയാകുന്നു.
മലയുടെ മുകളിൽനിന്ന‌് ഗുഹയ‌്ക്കുള്ളിലേക്ക‌് നൂറിലധികം ചെറുതുരങ്കങ്ങൾ ഉണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.ഏതാനും തുരങ്കങ്ങൾ നിർമിച്ചുകഴിഞ്ഞു. നിർമിച്ച പല തുരങ്കങ്ങളും 400മീറ്ററോളം താഴ‌്ചയുള്ളവയാണ‌്. കുട്ടികളുള്ളത‌് 600 മീറ്ററോളം താഴ‌്ചയിലുള്ള വിസ‌്താരം കുറഞ്ഞ മേഖലയിലാണ‌്. ഓരോ കുട്ടിമൊപ്പം ഒരു മുങ്ങൽവിദഗ‌്ധനും നീന്തുന്ന ബഡ്ഡി ഡൈവ‌് അടക്കമുള്ള സാധ്യതകളും പരിശോധിക്കുന്നു.








0 comments