അലാസ്കയിൽ വൻ ഭൂചലനം: 7.3 തീവ്രത, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

photo credit: X
ജുന്യൂ : യുഎസ് സംസ്ഥാനമായ അലാസ്കയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്ന് അലാസ്കയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 12:37 നാണ് ഭൂകമ്പം ഉണ്ടായത്. ദ്വീപ് പട്ടണമായ സാൻഡ് പോയിന്റിന് ഏകദേശം 87 കിലോമീറ്റർ (54 മൈൽ) തെക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. 20.1 കിലോമീറ്ററിൽ താരതമ്യേന ആഴം കുറഞ്ഞതായിരുന്നു പ്രഭവകേന്ദ്രം. ദക്ഷിണ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലുമാണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത്.
തെക്കൻ അലാസ്ക, അലാസ്ക പെനിൻസുല, അലാസ്കയിലെ കെന്നഡി എൻട്രൻസ് (ഹോമറിൽ നിന്ന് 40 മൈൽ തെക്ക് പടിഞ്ഞാറ്) മുതൽ അലാസ്കയിലെ യൂണിമാക് പാസ് (ഉനലാസ്കയിൽ നിന്ന് 80 മൈൽ വടക്ക് കിഴക്ക്) വരെയുള്ള പസഫിക് തീരങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അലാസ്കയിലെ പാമറിലെ ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എൻടിഡബ്ല്യുസി) അറിയിച്ചു. ചില ആഘാതങ്ങൾ പ്രതീക്ഷിക്കുന്നതായും കേന്ദ്രം മുന്നറിയിപ്പ് നൽകി. ദൂരെയുള്ള പ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നും എൻടിഡബ്ല്യുസി അറിയിച്ചു.
ഭൂകമ്പ സാധ്യത സജീവമായ പസഫിക് റിംഗ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്ക. 1964 മാർച്ചിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്കയെ തകർത്തിരുന്നു. വടക്കേ അമേരിക്കയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. ഭൂകമ്പത്തിൽ ആങ്കറേജ് നഗരം തകർന്നു. അലാസ്ക ഉൾക്കടലിലും, യുഎസിന്റെ പടിഞ്ഞാറൻ തീരത്തും, ഹവായ് ദ്വീപുകളിലും സുനാമിയുണ്ടായി. ഭൂകമ്പത്തിലും സുനാമിയിലുമുള്ള നാശനഷ്ടങ്ങളിൽ 250 ലധികം പേർ കൊല്ലപ്പെട്ടു. 2023 ജൂലൈയിൽ അലാസ്കൻ ഉപദ്വീപിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.








0 comments