മിനാബിലെ അമ്മമാർക്ക് ഉറക്കമില്ലാതായ അറുപത് രാത്രികൾ

മിനാബിൽ ജീവൻപൊലിഞ്ഞ പെൺകുട്ടികളെ അടക്കം ചെയ്യാൻ തയ്യാറാക്കിയ കൂട്ടശവക്കല്ലറകളുടെ കുഴിയുടെ ആകാശദൃശ്യം. (Photo Credit: REUTERS)

പി എസ് മഞ്ജരി
Published on Apr 28, 2026, 01:39 PM | 4 min read
നമ്മൾ സമാധാനത്തോടെ ഉറങ്ങിയ അറുപത് രാത്രികൾ, കടലിനപ്പുറം ഇറാനിലെ മിനാബ് നഗരത്തിലെ അമ്മമാർക്ക് അവരുടെ പെൺകുട്ടികളെയോർത്ത് ഉറക്കമില്ലാതായ അറുപത് രാത്രികൾ. ഈന്തപ്പനത്തോട്ടങ്ങളുടെ ഗന്ധത്തിന് പകരം വെടിമരുന്നിന്റെ ഗന്ധം ശ്വസിച്ചു തീർത്ത അറുപത് ദിനങ്ങൾ. ഓരോ മിസൈൽ ശബ്ദത്തിലും മുറിഞ്ഞുപോയത് ഒരായിരം സ്വപ്നങ്ങളാണ്. ദൂരങ്ങൾക്കപ്പുറം നമ്മളറിയാത്ത, നമ്മൾ അനുഭവിക്കാത്ത ആ അറുപത് ദിനങ്ങൾ ഇറാന്റെ മണ്ണിൽ ഒരു യുഗത്തിന്റെ നോവായി മാറിക്കഴിഞ്ഞു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' (Epic Fury), 'റോറിംഗ് ലയൺ' (Roaring Lion) എന്നീ സൈനിക നീക്കങ്ങൾ അറുപത് ദിവസങ്ങളിലെത്തി നിൽക്കുമ്പോൾ ലോകം ഒരു മഹാവിപത്തിന്റെ വക്കിലാണ്.
പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക കടന്നാക്രമണം ഇന്ന് 60 ദിവസം പിന്നിടുന്നു. ഫെബ്രുവരി 28ന് പുലർച്ചെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ മിസൈൽ വർഷം ഇറാന്റെ പരമാധികാരത്തെയും ജനജീവിതത്തെയും പൂർണമായി തകർക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
മിനാബിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന സ്ത്രി (Photo By AFP)
യുദ്ധത്തിൽ തകരുന്ന ജീവിതങ്ങൾ, തീരാനോവായി മിനാബ്
ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ നഗരമാണ് മിനാബ്. പേർഷ്യൻ ഗൾഫിന്റെയും ഒമാൻ ഉൾക്കടലിന്റെയും സമീപത്തുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായ ഈന്തപ്പനത്തോട്ടങ്ങൾക്കും വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരത്തിനും പേരുകേട്ട മിനാബ്, ഇറാന്റെ തെക്കൻ തീരത്തെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രം കൂടിയാണ്.
ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക - ഇസ്രയേൽ സഖ്യം മിനാബിൽ ശക്തമായ ആക്രമണം നടത്തിയത്. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയമായ ഷാജരെ തയ്യിബെ സ്കൂളിന് നേരെയാണ് ഇസ്രയേൽ ആദ്യ മിസൈൽ തൊടുത്തത്. ഈ ആക്രമണത്തിൽ 160ലധികം കുട്ടികൾ കൊല്ലപ്പെട്ടു. മിനാബിൽ ജീവൻപൊലിഞ്ഞ പെൺകുട്ടികളെ അടക്കം ചെയ്യാൻ തയ്യാറാക്കിയ കൂട്ടശവക്കല്ലറകളുടെ കുഴിയുടെ ദൃശ്യങ്ങൾ ലോകമനസാക്ഷിയെ ഞെട്ടിച്ചു.
തെഹ്‌റാനിലെ വാലിയാസർ സ്ക്വയറിൽ മിനാബിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരവായി നിലത്ത് നിരത്തിവെച്ചിരിക്കുന്ന കുഞ്ഞിച്ചെരുപ്പുകൾ (Photo Credit: AFP)
മൈതാനത്ത് ഫുട്ബോളിന് പകരം തോളിലേറ്റാത്ത സ്കൂൾ ബാഗുകളുമായെത്തി മിനാബിലെ കുഞ്ഞുജീവനുകൾക്ക് ഇറാൻ ദേശീയ ഫുട്ബോൾ ടീം അർപ്പിച്ച ആദരം ലോകത്തെ കണ്ണീരണിയിച്ചു. നിഷ്കളങ്കമായ ബാല്യത്തെ തകർത്തെറിഞ്ഞ സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമായി അത് മാറി.
അറുപത് ദിവസങ്ങൾക്കിപ്പുറം ഇറാനിലെ പ്രധാന നഗരങ്ങളെല്ലാം യുദ്ധത്തിന്റെ കരിനിഴലിലാണ്. ആണവ കേന്ദ്രങ്ങളെ തകർക്കാനെന്ന വ്യാജേന നടത്തുന്ന ആക്രമണങ്ങളിൽ ഇറാന്റെ പശ്ചാത്തല സൗകര്യങ്ങൾ ഭൂരിഭാഗവും തകർക്കപ്പെട്ടു. ഇറാൻ സൈനിക മേധാവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ലക്ഷ്യംവച്ച് നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തെ ഇല്ലാതാക്കി. ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി ഉൾപ്പെടെയുള്ളവരുടെ വിയോഗം രാജ്യത്തെ അനിശ്ചിതത്വത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. സാധാരണ പൗരന്മാരടക്കം മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ.
മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ (Photo by ATTA KENARE / AFP)
സാമ്രാജ്യത്വ അജണ്ടയും ആഗോള പ്രതിസന്ധിയും
പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുക എന്ന അമേരിക്കൻ അജണ്ടയാണ് ഈ യുദ്ധത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ജലപാതകൾ അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള നീക്കം യുദ്ധത്തിലെത്തി നിൽക്കുമ്പോൾ, ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തളർത്തിയിരിക്കുകയാണ്.
ഹോർമുസ് തുറക്കുക എന്നതാണ് ഈ യുദ്ധത്തിലൂടെ ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് ഏക പ്രതിവിധി. എന്നാൽ ഇറാൻ മുന്നോട്ട് വക്കുന്ന നിബന്ധനകൾ അംഗീകരിച്ചല്ലാതെ അത് സാധ്യമല്ല. ഹോർമുസ് പിടിച്ചെടുക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന അമേരിക്കക്ക് അതൊരിക്കലും അംഗീകരിക്കാനും സാധിക്കില്ല. ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിൽ അമേരിക്കൻ പടക്കപ്പലുകൾ നങ്കൂരമിട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്.
ഇറാനിനു നേരെയുള്ള ആക്രമണത്തിൽ യുകെ അമേരിക്കക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിൽ പ്രതിഷേധിക്കുന്നവർ. (Photo by CARLOS JASSO / AFP)
പ്രതിരോധവും വെടിനിർത്തൽ നാടകവും
ഇറാനിലെ പ്രധാന വാതക കേന്ദ്രങ്ങളിലൊന്നായ ഖാർഗ് ദ്വീപ് ഇസ്രയേൽ ആക്രമിച്ചതോടെ ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചു. ഇറാൻ ഗൾഫിലെ നിരവധി ഊർജ കേന്ദ്രങ്ങളെ ആക്രമിച്ചു. ഖാർഗ് ആക്രമിച്ചതിനു പകരമായി ഖത്തറുമായി പങ്കിടുന്ന ഇസ്രയേലിന്റെ സൗത്ത് പാർസ് വാതക കേന്ദ്രത്തിൽ ഇറാൻ ആക്രമണം നടത്തി. ഖാർഗ് ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങൾ യുഎസ് ഉപയോഗിക്കുന്നുവെന്ന് ഇറാൻ ആരോപിച്ചു. ഇറാന്റെ എണ്ണ ശേഖരം കൈക്കലാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇതോടെ വ്യക്തമാക്കി.
ഇറാനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ ഹിസ്ബുള്ളയും ഹൂതി വിമതരും നടത്തുന്ന പ്രതിരോധം യുദ്ധം അയൽരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഏപ്രിൽ ആദ്യവാരം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ ഇത് ലംഘിക്കുന്നത് തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന 'ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ്' മേഖലയെ മറ്റൊരു വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു.
മേഖലയിലെ സമാധാനവും ഇറാന്റെ നിബന്ധനകളും
പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം പുലരണമെങ്കിൽ അമേരിക്കൻ - ഇസ്രയേൽ സഖ്യം ഏകപക്ഷീയമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇറാന്റെ മണ്ണിൽ നിന്ന് അമേരിക്കൻ - ഇസ്രയേൽ സഖ്യം പൂർണമായും പിന്മാറണമെന്നും, അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനിക വിന്യാസം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഒരു വെടിനിർത്തലിനുപരി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്ന കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സ്വാഭാവികമായ അധികാരം പുനഃസ്ഥാപിക്കാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഇറാന്റെ പ്രഖ്യാപനം സാമ്രാജ്യത്വശക്തികൾക്ക് മുമ്പിൽ മുട്ടുമുടക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ്.
അമേരിക്കക്കും ഇസ്രയേലിനുമെതിരെ പ്രതിഷേധിക്കാനായി ഇറാന്റെ ദേശീയ പതാകകളുമേന്തി തെഹ്‌റാനിലെ റെവല്യൂഷൻ സ്ക്വയറിൽ ഒത്തുകൂടിയവർ. (Photo Credit: Fatemeh Bahrami/Anadolu/AFP)
ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണമെന്നും, യുദ്ധക്കെടുതികൾ അനുഭവിച്ച ജനതക്ക് നഷ്ടപരിഹാരം നൽകണമെന്നതുമാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇസ്രയേലിന്റെ സുരക്ഷയെ മുൻനിർത്തി അമേരിക്ക ഈ നിബന്ധനകളെ തള്ളിക്കളയുന്നത് സമാധാന ചർച്ചകളെ വഴിമുട്ടിക്കുകയാണ്. സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കം മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.
ആഗോള പ്രതിസന്ധിയും ഇന്ത്യയുടെ ആശങ്കയും
പശ്ചിമേഷ്യൻ യുദ്ധം അറുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസികളുടെ സുരക്ഷയും തൊഴിലും ഭീഷണിയിലാണ്. പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ സുരക്ഷയെ ബാധിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. പശ്ചിമേഷ്യയിലെ യുദ്ധം 60 ദിവസം പിന്നിടുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയും ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പണപ്പെരുപ്പം രൂക്ഷമാവുകയും ചെയ്തു. ഇന്ത്യ കടുത്ത എൽപിജി ക്ഷാമം നേരിടുകയാണ്.
പശ്ചിമേഷ്യയിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും, സ്വന്തം രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മൗനം പാലിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുകയെന്ന എക്കാലവും മോദി തുടരുന്ന നയം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിലും തുടരുകയാണ്. ഒരു രാജ്യത്തിന്റെ പരാമാധികാരത്തെയും അവിടുത്തെ ജനതയേയും കുരുതികൊടുക്കുന്ന ഈ യുദ്ധത്തിൽ പക്ഷം ചേരാതെ സമാധാനത്തിനായി ശബ്ദമുയർത്താത്ത ലോകനേതാവാണ് മോദി.
അമേരിക്കയും ഇസ്രയേലും ചേർന്ന് സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി ഒരു ജനതയെ മുഴുവൻ കൊന്നൊടുക്കുന്ന യുദ്ധം അറുപതാം ദിവസത്തിലേക്ക് എത്തുമ്പോൾ, ലോകം ചോദിക്കുകയാണ്, എന്നാണ് ഈ പ്രതിസന്ധികൾക്ക് അവസാനമുണ്ടാവുക?










0 comments