കനത്ത മഞ്ഞുവീഴ്ച; മ്യൂണിക്കിൽ വിമാനത്തിനുള്ളിൽ കുടുങ്ങി 500 ഓളം യാത്രക്കാർ

ബെർലിൻ: ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ ലുഫ്താൻസ എയർലൈൻസിലെ അഞ്ഞൂറോളം യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകളോളം.
വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ റദ്ദാക്കിയെങ്കിലും യാത്രക്കാരെ തിരികെ ടെർമിനലിലേക്ക് എത്തിക്കാൻ ബസ് സൗകര്യം ലഭിക്കാത്തതിനെത്തുടർന്നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് രാത്രി മുഴുവൻ വിമാനത്തിനുള്ളിൽ തന്നെ കഴിയേണ്ടി വന്നത്.
മ്യൂണിക്കിൽ നിന്ന് സിംഗപ്പൂർ, കോപ്പൻഹേഗൻ, ഗഡാൻസ്ക്, ഗ്രാസ്, വെനീസ് എന്നിവിടങ്ങളിലേക്ക് പോകേണ്ട അഞ്ച് വിമാനങ്ങളിലെ യാത്രക്കാരാണ് ഈ ദുരനുഭവത്തിന് ഇരയായത്. വിമാനം പുറപ്പെടാൻ തയ്യാറായി റൺവേയിലേക്ക് നീങ്ങിയ ശേഷമാണ് കാലാവസ്ഥാ പ്രശ്നങ്ങളും വിമാനത്താവളത്തിലെ കർഫ്യൂവും കാരണം യാത്ര റദ്ദാക്കിയത്.
എന്നാൽ, ഈ സമയത്ത് ഗ്രൗണ്ട് സ്റ്റാഫും ബസ് ഡ്രൈവർമാരും ഡ്യൂട്ടി കഴിഞ്ഞ് പോയെന്നും സുരക്ഷാ കാരണങ്ങളാൽ വിമാനത്തിൽ നിന്ന് നടന്ന് ടെർമിനലിൽ എത്താൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ തടവിലാക്കപ്പെട്ട അവസ്ഥയിലായി.
ചെറിയ ദൂരങ്ങളിലേക്കുള്ള വിമാനങ്ങളായതിനാൽ ആവശ്യത്തിന് ഭക്ഷണമോ പുതപ്പോ വെള്ളമോ വിമാനത്തിനുള്ളിൽ ലഭ്യമായിരുന്നില്ല. കനത്ത തണുപ്പിൽ ഇടുങ്ങിയ സീറ്റുകളിൽ നേരം വെളുക്കുവോളം ഇരിക്കേണ്ടി വന്നതായി യാത്രക്കാർ പരാതിപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റാൻ സാധിച്ചത്. സംഭവത്തിൽ ലുഫ്താൻസ അധികൃതർ ഖേദം പ്രകടിപ്പിച്ചു.










0 comments