ad
Deshabhimani

പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിച്ചുകൊണ്ടുവന്ന ബോട്ട് മറിഞ്ഞു; അഞ്ച് മരണം

drowning

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 07, 2025, 06:05 PM | 2 min read

ലാഹോർ : കിഴക്കൻ പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിച്ച് കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ലാഹോറിൽ നിന്ന് 350 കിലോമീറ്റർ അകലെ മുൾട്ടാൻ ജില്ലയിലെ ജലാൽപൂർ പിർവാലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. 70 വയസുള്ള സ്ത്രീയും നാല് കുട്ടികളും മരിച്ചതായി അധികൃതർ അറിയിച്ചു.


ശക്തമായ ജലപ്രവാഹത്തിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. അപകടസമയത്ത് ഏകദേശം 30 പേർ ബോട്ടിലുണ്ടായിരുന്നുവെന്ന് പഞ്ചാബ് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) ഡയറക്ടർ ജനറൽ ഇർഫാൻ അലി കാത്തിയ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. മരിച്ചവർക്ക് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും ലൈഫ് ജാക്കറ്റുകൾ ലഭിക്കാഞ്ഞതിലും അന്വേഷണം നടത്തുമെന്ന് ഇർഫാൻ അലി കാത്തിയ പറഞ്ഞു.


ഔദ്യോഗിക, സ്വകാര്യ രക്ഷാ ബോട്ടുകളിൽ അമിതഭാരം കയറ്റരുതെന്നും ആവശ്യമായ ലൈഫ് ജാക്കറ്റുകൾ സജ്ജീകരിക്കണമെന്നും കാത്തിയ പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽ ആ​ഗസ്ത് പകുതി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിന്റെ ഫലമായി എല്ലാ നദികളും അപകടനില കവിഞ്ഞാണ് ഒഴുകുന്നത്.


പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നതായും 4.1 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും കാത്തിയ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ‌ഡി‌എം‌എ) കണക്കനുസരിച്ച്, ജൂൺ അവസാനം മുതൽ രാജ്യത്തുടനീളം മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 907 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 1,044 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഖൈബർ പഖ്തുൺഖ്വയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്- 502 പേർ മരിക്കുകയും 218 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബിൽ 223 പേർ മരിക്കുകയും 654 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിന്ധിൽ 58 മരണങ്ങളും 78 പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിൽ 26 മരണങ്ങളും, പാക് അധീന കശ്മീരിലെ (പിഒകെ) ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ 41 മരണങ്ങളും 52 പേർക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഴയിലും വെള്ളപ്പൊക്കത്തിലും 6,180 കന്നുകാലികൾ ചത്തതായും 7,848 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും എൻ‌ഡി‌എം‌എ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home