കോലായ ചര്‍ച്ചയ്ക്ക് അഞ്ചാണ്ട്
മിണ്ടീം പറഞ്ഞും യാത്ര തുടരും...

‘മൊണാസ്ട്രി ഓഫ് ലവ്’ പ്രതിമാസ സാംസ്കാരിക പരിപാടിയിൽ നിന്ന്
അനഘ പ്രകാശ്
Published on Jun 08, 2026, 12:46 AM | 1 min read
കോഴിക്കോട്
സാഹിത്യവും കലയും പങ്കുവയ്‌ക്കലുകളും നിറയുന്ന അകത്തളങ്ങൾ... അക്ഷരങ്ങളെയും വാക്കുകളെയും കൂട്ടുപിടിച്ച് സായാഹ്നങ്ങൾ... മിണ്ടിയും പറഞ്ഞും പങ്കിട്ട വിശേഷങ്ങൾക്കും വിചാരങ്ങൾക്കും അഞ്ചാണ്ടിന്റെ ഓര്‍മകൾ. കവി പി കെ ഗോപിയുടെ നേതൃ-ത്വത്തിലുള്ള പ്രതിമാസ സാംസ്കാരിക പരിപാടി "മൊണാസ്ട്രി ഓഫ് ലവി'ന് അഞ്ചാണ്ട് തികയുന്നു. കണ്ടും മിണ്ടിയും പുസ്തകം വായിച്ചുമെല്ലാം അഞ്ച് വര്‍ഷങ്ങൾ പൂര്‍ത്തിയായതിന്റെ ഭാഗമായുള്ള പ്രത്യേക ഒത്തുചേരൽ എട്ടിന് രാത്രി ഏഴിന് നടക്കും.
പി കെ ഗോപിയുടെ മകളും കവയിത്രിയുമായ ആര്യ ഗോപിയുടെ സിവിൽ സ്റ്റേഷന് സമീപത്തെ വീടായ "ജേര്‍ണി'യാണ് സാംസ്കാരിക കൂട്ടായ്മയുടെ വേദി. മാസത്തിലൊരിക്കൽ രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് സൗഹൃദസംഗമം. കോവിഡ് കാലത്താണ് ഒത്തുചേരലെന്ന ആശയമുദിച്ചത്. 2020 നവംബറിൽ തുടങ്ങിയ കൂട്ടുകൂടൽ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ഓരോഒത്തുചേരലിലും കുറഞ്ഞത് മൂന്ന് പുസ്തക ചര്‍ച്ചകളെങ്കിലും നടക്കാറുണ്ട്. ചിത്ര പ്രദര്‍ശനത്തിനും പുസ്തക പ്രകാശനത്തിനും ഏകപാത്ര നാടകങ്ങൾക്കും സംഗീതവിരുന്നിനും നാടൻപാട്ടുകൾക്കും യോഗ പരിചയത്തിനും നൃത്തവിരുന്നിനുമെല്ലാം ജേര്‍ണി വേദിയായി. ആലങ്കോട് ലീലാകൃഷ്ണൻ, ശ്രീധരനുണ്ണി തുടങ്ങി സാഹിത്യലോകത്തെ പല പ്രമുഖരും വിശേഷങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും എത്തിയിരുന്നു. അത്താഴത്തിനുശേഷമാണ് കൂട്ടായ്മ പിരിയാറ്. യുനെസ്കോ സാഹിത്യനഗരം പദവി കോഴിക്കോടിന് നേടിക്കൊടുക്കുന്നതിൽ ഇത്തരം കോലായ ചര്‍ച്ചകളും ഇടംപിടിച്ചിരുന്നു.
ആര്യ ഗോപിയുടെ പങ്കാളിയും ബ്രാൻഡ് കൺസൾട്ടന്റുമായ ജോബി ജോസഫും ഒത്തുചേരലിന്റെ നേതൃത്വത്തിലുണ്ട്. പ്രത്യേക ഒത്തുചേരലിൽ സജി ഊരാളി, നിധീഷ് നടേരി, നിസാര്‍ ഇൽത്തുമിഷ് തുടങ്ങിയവര്‍ പങ്കെടുക്കും.









0 comments