അശോകിനെയും പ്രശാന്തിനെയും തിരിച്ചെടുത്തത് ചീഫ് സെക്രട്ടറിയുടെ വിയോജിപ്പ് അവഗണിച്ച്

ബി അശോക്, എന്‍ പ്രശാന്ത്

സ്വന്തം ലേഖകൻ
Published on Jun 08, 2026, 12:47 AM | 1 min read
തിരുവനന്തപുരം: അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചതിന് എൽഡിഎഫ് സർക്കാർ സസ്‌പെൻഡ്‌ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനേയും എൻ പ്രശാന്തിനേയും തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി ശക്തമായി വിയോജിച്ചിട്ടും മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താൽപ്പര്യത്തിലാണ് നടപടി. തിരിച്ചെടുക്കാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടതിനുപിന്നാലെ ധൃതിപിടിച്ച് ഉത്തരവുമിറക്കി. സർവീസ് ചട്ടം ലംഘിച്ചാൽ ഇത്രയേ നടപടിയുണ്ടാകൂ എന്ന സന്ദേശം ഭാവിയിൽ പ്രത്യാഘാതമുണ്ടാക്കും.
നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചതിനാണ് എൻ പ്രശാന്ത് 2024 നവംബർ 11മുതൽ സസ്‌പെൻഷനിലായത്. നടപടി പരിശോധിക്കാനിരിക്കെ വീണ്ടും പരസ്യമായി രംഗത്തുവന്നതോടെ എട്ടുതവണ സസ്‌പെൻഷൻ നീട്ടി. സ്വയം ന്യായീകരിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുകയും സർക്കാരുമായി ബന്ധപ്പെട്ട പലതിലും പരസ്യമായി അഭിപ്രായം പറയുകയും പതിവായിരുന്നു.
സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് ബി അശോകിനെ ഏപ്രിൽ 30ന് സസ്‌പെൻഡ് ചെയ്‌തത്. സർക്കാരിനെയും സർക്കാർ നയങ്ങളെയും പരസ്യമായി വിമർശിക്കുകയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്‌തതിനായിരുന്നു നടപടി. നടപടിക്കുശേഷവും വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. എന്നിട്ടും അന്വേഷണം തീരാതെയുള്ള സസ്‌പെൻഷൻ പിൻവലിക്കൽ അസാധാരണമാണ്.
2014ൽ യുഡിഎഫ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എൻ പ്രശാന്ത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇൗ മാസം വിരമിക്കും. അദ്ദേഹം സസ്‌പെൻഡ്‌ചെയ്‌ത ഉദ്യോഗസ്ഥനെ, അന്വേഷണം പൂർത്തിയാകുംമുമ്പ് അദ്ദേഹത്തിനെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചതും പ്രതികാരമാണ്.










0 comments