വരുന്നത് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്നവ
ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടിയേക്കും

അഞ്‌ജുനാഥ്
Published on Jun 08, 2026, 12:43 AM | 1 min read
ആലപ്പുഴ
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടാൻ സാധ്യത. ആലപ്പുഴ റെയിൽവേ ഡിപ്പോ മാറ്റുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് അറിയുന്നു. ആലപ്പുഴ റെയിൽവേ ഡിപ്പോയുടെ പൂർണ ചുമതലയിലുള്ളത് കണ്ണൂർ–ആലപ്പുഴ എക്‌സ്‌പ്രസ്, ആലപ്പുഴ–ധൻബാദ് എക്‌സ്‌പ്രസ് എന്നിവയാണ്. ചെന്നൈ–ആലപ്പുഴ എക്‌സ്‌പ്രസിന്റെ ഭാഗിക ചുമതലയുമുണ്ട്. ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്താനുള്ള പിറ്റ് ലൈൻ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ച് നീക്കേണ്ടി വരും. ഇതോടെ ട്രെയിനുകൾ മാറ്റുന്നതിനൊപ്പം ഡിപ്പോയും മാറ്റേണ്ടിവരും. ഇത് ഒഴിവാക്കാനാണ് മറ്റൊരിടത്ത് പിറ്റ്‌ലൈൻ നിർമിച്ച് ഇവിടേയ്‌ക്ക് എറണാകുളത്തുനിന്നുള്ള ട്രെയിനുകൾ എത്തിക്കാൻ നീക്കം. ആലപ്പുഴയിലെ പിറ്റ്‌ലൈനിൽ പരമാവധി 19 കോച്ചുകളുടെ അറ്റകുറ്റപ്പണി മാത്രമേ ചെയ്യാനാകൂ. കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യണമെങ്കിൽ ഇത് വർധിപ്പിക്കേണ്ടിവരും. ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കുന്ന ധൻബാദ് എക്‌സ്‌പ്രസ് കൊച്ചുവേളിക്ക് നീട്ടാനും ആലോചനയുണ്ട്. ഡിപ്പോ മാറ്റിയാൽ ഏറ്റവും കൂടുതൽ വിഷമത്തിലാവുന്നത് ഇലക്‌ട്രിക്കൽ വിഭാഗത്തിലെ ‘ട്രെയിൻ ലൈറ്റിങ്’ ജീവനക്കാരും മെക്കാനിക്കൽ വിഭാഗം ജീവനക്കാരുമാകും. ഇവരെ മറ്റ് പല സ്‌റ്റേഷനുകളിലേക്കും വിന്യസിക്കേണ്ടിവരും.
എസ്‌കലേറ്ററുകൾ വൈകുമെന്ന് ആശങ്ക
ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്ററുകൾ സ്ഥാപിക്കുന്ന ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാവില്ലെന്ന് ആശങ്ക. കോൺക്രീറ്റിങ് ജോലികൾ മാത്രമാണ് പൂർത്തിയാക്കിയത്. മറ്റ് ജോലികൾ പൂർത്തിയാക്കി എസ്‌കലേറ്ററുകൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാൻ ഇനിയും സമയം വേണ്ടിവരുമെന്ന് ജീവനക്കാർ പറയുന്നു. വെള്ളിയാഴ്‌ച റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ച ഡിആർഎം ആണ് ജൂലൈയ്‌ക്കുള്ളിൽ എസ്‌കലേറ്ററുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഭാഗത്തുനിന്ന് സ്‌റ്റേഷനിലേക്ക് റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഉടൻ ആരംഭിച്ചേക്കുമെന്ന് അറിയുന്നു. ഇതിനായി ഇവിടത്തെ ഗേറ്റ് അടയ്‌ക്കും. സ്‌റ്റേഷന്റെ തെക്കുഭാഗത്ത് കൂടിയായിരിക്കും പ്രവേശനം.









0 comments