ad
Deshabhimani

ഷിഗെല്ല: ഒരാൾ നിരീക്ഷണത്തിൽ

a
വെബ് ഡെസ്ക്

Published on Jun 08, 2026, 12:49 AM | 2 min read

കോഴിക്കോട്‌

ഷിഗെല്ല ബാധിച്ച്‌ കഴിഞ്ഞദിവസം മരിച്ച കുഞ്ഞിന്റെ സമീപ പ്രദേശത്തുള്ള മറ്റൊരു കുട്ടി നിരീക്ഷണത്തിൽ. ഷിഗെല്ല ബാധിച്ച്‌ മെഡിക്കൽ കോളേജ്‌ ഐഎംസിഎച്ചിൽ ചികിത്സയിലിരുന്ന രണ്ട്‌ കുട്ടികൾ ആശുപത്രി വിട്ടു. പുറമേരി സ്വദേശി കഴിഞ്ഞമാസം 29നും പന്തീരാങ്കാവ്‌ സ്വദേശി രണ്ടിനുമാണ്‌ ആശുപത്രി വിട്ടത്‌. ​അണ്ടിക്കോട് വള്ളിൽ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നാലര വയസുകാരി നിളയാണ്‌ കഴിഞ്ഞദിവസം ഷിഗെല്ല ബാധിച്ച്‌ മരിച്ചത്‌. ജ‍ൂൺ ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനി രാവിലെയാണ് മരിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിൽ മറ്റ്‌ കേസുകളില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കി. ഷിഗെല്ല റിപ്പോർട്ട്‌ ചെയ്ത ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്‌. ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.


​ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

• പകർച്ചാസാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്കരോഗം തുടക്കത്തിലേ ശ്രദ്ധയോടെ ചികിത്സിക്കപ്പെടണം.

• രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങൾ, രോഗീ പരിചരണം എന്നിവയിലൂടെ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് പകരുന്നു.

• രോഗാണുബാധയുണ്ടായി രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും.

• ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഒആർഎസ് പാനീയം ഇടയ്ക്കിടെ കുടിക്കുക.

• ആഹാര–പാനീയ ശുചിത്വം, വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കുക.

• സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം കൈ കഴുകുക.

• രോഗികൾ വ്യക്തിശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും.

• അസുഖം പിടിപെട്ടവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ സോപ്പുപയോഗിച്ച് കഴുകുക. മറ്റുള്ളവർ ഇവ ഉപയോഗിക്കരുത്.

• 15 മിനിറ്റുനേരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

• പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയശേഷം ഉപയോഗിക്കുക.

• മുട്ട, കക്ക, കൊഞ്ച്, കണവപോലെയുള്ള കടൽവിഭവങ്ങൾ, മാംസം എന്നിവ സമയമെടുത്ത് നന്നായി പാചകംചെയ്തശേഷം കഴിക്കുക.

• മലവിസർജനം ടോയ്‌ലറ്റിൽമാത്രം നടത്തുക. കുഞ്ഞുങ്ങളുടെ/ കിടപ്പുരോഗികളുടെ ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home