വലിയശാലയ്‌ക്ക് ഇത് ‘മൂന്നാം നമ്പർ ദുരിതം’


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 08, 2026, 01:24 AM | 1 min read
തിരുവനന്തപുരം: മേട്ടുക്കടയിലെയും വലിയശാലയിലെയും ജനങ്ങൾക്ക് റെയിൽവേ സമ്മാനിച്ച ദുരിതത്തിന് നാലുവർഷം പിന്നിടുന്നു. തൈക്കാട്, വലിയശാല വാർഡുകളെ ബന്ധിപ്പിക്കുന്ന മേട്ടുക്കടയിൽ മൂന്നാം നന്പർ റെയിൽവേ മേൽപ്പാലം (ആർഒബി–3) നിർമാണം ഇഴയുന്നതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.
വലിയശാലയിൽനിന്നും മേട്ടുക്കടയിൽനിന്നുമുള്ള റോഡുകളും തിരിച്ചുമുള്ളതും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുള്ള രോഗികളുൾപ്പെടെയുള്ളവർക്ക് ഇൗ വഴിതടയൽ ബുദ്ധിമുട്ടാകുന്നു.
സ്ഥലമേറ്റെടുത്തശേഷം 2022 മാർച്ച് 31ന് മുന്പ് താമസക്കാരെ ഒഴിപ്പിച്ചു. 47 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. രണ്ടുവർഷംമുന്പ് മണ്ണും പഴയപില്ലറുകളും നീക്കാനും ആരംഭിച്ചു. മൂന്നുമാസംകൊണ്ട് പണിപൂർത്തീകരിക്കും എന്ന് റെയിൽവേ വാഗ്‌ദാനം നൽകിയിരുന്നെങ്കിലും രണ്ടുവർഷമായി തീർന്നിട്ടില്ല.
മണ്ണുനീക്കാൻ ആരംഭിച്ചതിനാൽ വേനൽക്കാലത്ത് പ്രദേശമാകെ പൊടിപടർന്നിരുന്നു. പൊടിക്കാറ്റുകാരണം നിരവധി കുടുംബങ്ങൾ താമസം മാറ്റി. മഴക്കാലമെത്തിയപ്പോൾ ചെളിനിറഞ്ഞാണ് ദുരിതം. കണ്ണേറ്റുമുക്കുമുതൽ കിള്ളിപ്പാലംവരെ പ്രധാനറോഡിലാകെ ചെളിയാണ്. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു.
നിർമാണം നടക്കുന്ന സ്ഥലത്ത് സൂചനാബോർഡുകൾ ഇല്ലാത്തതിനാൽ മൂന്നുമാസംമുന്പ് ഒരു ബൈക്ക് യാത്രക്കാരൻ കുഴിയിൽവീണ് മരിച്ചിരുന്നു.
ഒഴിപ്പിക്കപ്പെട്ട വീടുകളിലെ ജലഅതോറിറ്റിയുടെ മീറ്ററുകൾ മോഷ്‌ടിക്കപ്പെട്ടു. തൈക്കാട് ആശുപത്രിയുടെ ചുറ്റുമതിലും പദ്ധതിക്കായി പൊളിച്ചുനീക്കിയത് രോഗികളുടെ സുരക്ഷയ്‌ക്കും ഭീഷണിയാകുകയാണ്.
ഉത്തരവാദിത്വം കാട്ടാതെ റെയിൽവേ
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കരാറുകാർക്കാണ് നിർമാണച്ചുമതല. പദ്ധതി പ്രദേശത്തേക്ക് റെയിൽവേ അധികൃതർ തിരിഞ്ഞുനോക്കുകയോ പരിസരവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.









0 comments