റഷ്യയിൽ കോളേജ് ഹോസ്റ്റലില്‍ കത്തിയാക്രമണം; നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്, പ്രതി 15കാരനെന്ന് വിവരം

മോസ്കോ : റഷ്യയിലെ ഉഫയിൽ കോളേജിൽ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റതായി മോസ്കോയിലെ ഇന്ത്യൻ എംബസി. റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഒരു സർവകലാശാലയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എംബസി വിവരം സ്ഥിരീകരിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, പരിക്കേറ്റ വിദ്യാർഥികൾക്ക് സഹായം നൽകുന്നതിനായി കസാനിലെ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലെത്തിയതായും ഇന്ത്യൻ എംബസി അറിയിച്ചു.
ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ കത്തിയുമായി അതിക്രമിച്ച് കയറിയ കൗമാരക്കാരൻ നിരവധി വിദ്യാർഥികളെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കുത്തുകയും അക്രമി സ്വയം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി റഷ്യയുടെ ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ ഐറിന വോൾക്ക് പറഞ്ഞു. ആക്രമണത്തിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്നും അക്രമികളിലൊരാളായ പതിനഞ്ചുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.










0 comments