വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം പേരെ പനാമയിലേക്ക് കടത്തി ട്രംപ്

പ്രതീകാത്മകചിത്രം
പാനമ സിറ്റി : അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം പേരെ പനാമയിലേക്ക് കടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇവരെ രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങാൻ അനുവദിച്ചിട്ടില്ല. പാനമയിലെ ഒരു ഹോട്ടലിലാണ് കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ളത്. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് എല്ലാവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിയയയ്ക്കുമെന്നും അതുവരെ പനാമയിൽ കഴിയണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് പനാമയിലെത്തിച്ച കുടിയേറ്റക്കാരുടെ കാര്യത്തിൽ അമേരിക്ക സ്വീകരിച്ചതെന്ന് വിമർശനമുണ്ട്. ഹോട്ടലിലെത്തിച്ച കുടിയേറ്റക്കാരുടെ ഫോണും മറ്റ് രേഖകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ഇറാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പനാമയിലെത്തിച്ചത്. ഇവരിൽ ചില രാജ്യങ്ങളിലേക്ക് നേരിട്ട് കുടിയേറ്റക്കാരെ എത്തിക്കുന്നതിൽ പ്രശ്നമുണ്ടെന്നും അതിനാലാണ് പനാമയിലെത്തിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോസ്റ്റ റീക്കയിലേക്കും സമാനമായ രീതിയിൽ ആളുകളെ എത്തിക്കും. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും.
പനാമയും യുഎസുമായുള്ള കുടിയേറ്റ ഉടമ്പടി പ്രകാരം എത്തിയവർക്ക് വൈദ്യസഹായവും ഭക്ഷണവും കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് പനാമ സെക്യൂരിറ്റി മിനിസ്റ്റർ ഫ്രാങ്ക് അബെർഗോ പറഞ്ഞു. കോസ്റ്ററീക്കയിലേക്കും പനാമയിലേക്കും കുടിയേറ്റക്കാരെ അയയ്ക്കുന്നതിന്റെ മുഴുവൻ ചെലവുകളും യുഎസ് തന്നെയാണ് വഹിക്കുന്നത്. പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് ഉടമ്പടിക്ക് പനാമ സർക്കാർ സമ്മതിച്ചതെന്നാണ് വിവരം.
പാനമയിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന ഭൂരിഭാഗം പേർക്കും തിരികെ മടങ്ങാൻ താൽപ്പര്യമില്ലെന്നാണ് വിവരം. സഹായിക്കണമെന്ന് എഴുതിയ പേപ്പറുകളുമായി ഇവർ ഹോട്ടൽ മുറികളിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.









0 comments