ഗാസയിൽ ഇസ്രയേൽ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ അഞ്ച് മാധ്യമപ്രവർത്തകരും

PHOTO CREDIT: AL JAZEERA
ഗാസ സിറ്റി: തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഗാസയിലെ അഞ്ച് മാധ്യമപ്രവർത്തകരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. റോയിറ്റേഴ്‌സ് വാർത്താ ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസാം അൽ-മസ്രി, അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയുടെ മറിയം അബു ദഖ, അൽ ജസീറ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ, റോയിറ്റേഴ്‌സ് കരാർ ജീവനക്കാരനായ ഹാദം ഖാലിദ്, എൻബിസിയുടെ മോവാസ് അബു താഹ എന്നിവരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ആശുപത്രിയുടെ നാലാം നിലയിൽ നടന്ന ഇരട്ട ആക്രമണത്തിലാണ് 20 പേർ കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. ആശുപത്രി കെട്ടിടത്തിൽ ആദ്യം ഒരു മിസൈൽ പതിച്ചു. തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ മറ്റൊന്നും ഉപയോഗിച്ച് ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു.
ഗാസയിലെ യുദ്ധം സമീപകാല ചരിത്രത്തിലെ ഏറ്റവും അപകടകരമായ സംഘർഷമാണെന്ന് നിരീക്ഷകർ പറയുന്നു. മാധ്യമപ്രവർത്തകർക്കും ഇത് ഏറ്റവും അപകടകരമായ സംഘർഷമാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 22 മാസത്തെ സംഘർഷത്തിൽ ഗാസയിൽ 189 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് പറയുന്നു. ഉക്രയ്ൻ-റഷ്യ സംഘർഷത്തിൽ ഇതുവരെ 18 പത്രപ്രവർത്തകർ കൊല്ലപ്പെട്ടതായി സിപിജെ റിപ്പോർട്ട് ചെയ്യുന്നു.








0 comments