വാഷിങ്ടണിൽ വെടിവയ്പ്: രണ്ട് ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : യുഎസിലെ വാഷിങ്ടൺ ഡിസിയിൽ നടന്ന വെടിവയ്പിൽ രണ്ട് ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു. കാപിറ്റൽ ജ്യൂവിഷ് മ്യൂസിയത്തിനു മുന്നിലാണ് ആക്രമണം നടന്നത്. ഇസ്രായേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
മ്യൂസിയത്തിൽ നടന്നുകൊണ്ടിരുന്ന പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് രണ്ട് പേർക്കും വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 9:15 ഓടെയാണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ് നടന്ന സ്ഥലത്തിന് സമീപമാണ് എഫ്ബിഐ ഓഫീസ്. വെടിവയ്പ്പ് നടന്ന സമയത്ത് ഇസ്രായേലി അംബാസഡർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിവയ്പ് നടത്തിയതിൽ ഒരാൾ പിടിയിലായതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വെടിവയ്പ്പിൽ മറ്റ് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർക്കും പരിക്കേറ്റതായി ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലി അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു. എന്നാൽ ഇത് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.









0 comments