ഗാസയിൽ 16 കെട്ടിടംകൂടി തകർത്തു; 53 മരണം

78 killed in gaza
വെബ് ഡെസ്ക്

Published on Sep 16, 2025, 01:04 AM | 1 min read

​ജറുസലേം: തിങ്കളാഴ്‌ച ഗാസ സിറ്റിയിൽ നടത്തിയ ആക്രമണത്തിൽ 16 വൻ കെട്ടിടങ്ങൾ തകർത്തു. ഇവിടെ താമസിച്ചിരുന്ന 53 പലസ്തീൻകാർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ 64,871 പേർ കൊല്ലപ്പെട്ടു. 164,610 പേർക്ക് പരിക്കേറ്റു.

ഗാസ സിറ്റിയിലെ നാസർ ആശുപത്രി പരിസരത്ത് ഇസ്രയേലി ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽ-കൗഫി കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു തെക്ക് സഹായത്തിനായി കാത്തിരുന്ന അഞ്ചുപേരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. 24 മണിക്കൂറിനുള്ളിൽ പട്ടിണി മൂലം കുറഞ്ഞത് മൂന്നു പേർ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ പട്ടിണിമൂലം മരിച്ചത്‌ 125 കുട്ടികൾ ഉൾപ്പെടെ 425 പേരാണ്‌.


​ഗാസയിൽനിന്ന് 
68 പലസ്തീൻകാരെ 
രക്ഷപ്പെടുത്തി ചിലി


സാന്റിയാഗോ: ഗാസയിൽനിന്ന്‌ ഇസ്രയേൽ പുറന്തള്ളിയ 36 കുട്ടികൾ ഉൾപ്പെടെ 68 പലസ്തീൻകാർക്ക്‌ അഭയം നൽകി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി. പലസ്തീൻ സംഘം എത്തിയതിന്റെ ആഹ്ലാദം ഇടതുപക്ഷക്കാരനായ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇസ്രയേലിന്റെ വംശഹത്യ കാരണം ജീവൻ അപകടത്തിലായ മനുഷ്യരെ മാസങ്ങൾ എടുത്ത "സങ്കീർണ്ണമായ' ഓപ്പറേഷനിലൂടെയാണ്‌ രക്ഷപ്പടുത്തിയതെന്ന് അദ്ദേഹം എഴുതി. സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രത്തിന്റെ ശക്തനായ വക്താവാണ്‌ അദ്ദേഹം.


സെപ്‌തംബർ 10ന് ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ മാനുഷികപ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന്‌ ചിലി വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. അറബ് രാജ്യങ്ങൾക്ക് പുറത്ത്‌ ഏറ്റവും വലിയ പലസ്തീൻ സമൂഹം ചിലിയിലാണ്‌. അഞ്ചുലക്ഷത്തോളം പലസ്തീൻകാരാണ്‌ ചിലിയിലുള്ളത്‌.


സ്‍പെയിനിൽ
ഇസ്രയേൽ ടീമിനെതിരെ 
പ്രതിഷേധം


മാഡ്രിഡ്‌: ഇസ്രയേൽ ടീമിനെ പങ്കെടുപ്പിച്ചതിനെതിരായ പ്രതിഷേധത്തെ തുടർന്ന്‌ മാഡ്രിഡിലെ ടൂർ ഓഫ് സ്പെയിൻ സൈക്ലിങ്‌ റേസ് നിർത്തിവച്ചു. പലസ്തീൻ അനുകൂല പ്രക്ഷോഭകർ റൂട്ടിൽ വിവിധ ഭാഗങ്ങളിൽ സൈക്ലിങ്‌ തടഞ്ഞു. ഡസൻ കണക്കിനാളുകൾ സുരക്ഷാവേലി കടന്ന് റോഡിലേക്കിറങ്ങി. ചിലയിടത്ത്‌ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home