Deshabhimani

ഫുജൈറയിൽ അപകടത്തിൽപ്പെട്ടത് 18 കാറുകളും 5 ട്രക്കുകളും; 3 മലയാളികൾ ഉൾപ്പെടെ 14 പേർ മരിച്ചതായി സ്ഥിരീകരണം

fujaira accident
വെബ് ഡെസ്ക്

Published on Nov 13, 2026, 02:34 PM | 1 min read

ദുബായ്: യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 14 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച അർധരാത്രിയോടെ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ കോടതിക്ക് സമീപമാണ് അപകടമുണ്ടായത്.


നിയന്ത്രണം വിട്ട ഒരു ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ച ശേഷം മറിയുകയും, ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പൊലീസും അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയും ചെയ്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.


18 കാറുകളും 5 ട്രക്കുകളും അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്.


ഷാർജയിൽ നിന്ന് ഫുജൈറയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 11 മണിയോടെയാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഫുജൈറയിൽ 'ഇവാ കഫ്റ്റീരിയ' നടത്തിവരികയാണ് സിദ്ദീഖ്. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), സിദ്ദീഖിന്റെ മൂത്ത മകളുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, ഇവരുടെ മറ്റ് രണ്ട് കുട്ടികൾ എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ബന്ധുക്കൾ അറിയിച്ചു.


മരിച്ചവരിൽ യുഎഇ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരിൽ ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഒമാൻ, പാക്കിസ്ഥാൻ, ജോർദാൻ, ബ്രസീൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home