പാകിസ്ഥാനിൽ ബസും വാനും കൂട്ടിയിടിച്ച് 12 മരണം

പ്രതീകാത്മകചിത്രം
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ യാത്രാബസും വാനും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
ക്വറ്റ - കറാച്ചി ഹൈവേയ്ക്ക് സമീപം ഉഥാൽ സീറോ പോയിന്റിലെ വളവിലാണ് അപകടമുണ്ടായത്. ഗ്വാദാർ ജില്ലയിൽ നിന്ന് തെക്കൻ കറാച്ചിയിലേക്ക് പോവുകയായിരുന്ന യാത്രാബസ് എതിർദിശയിലെത്തിയ മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. കറാച്ചിയിൽനിന്ന് ലസ്‌ബേലയിലേക്ക് പോകുകയായിരുന്നു വാൻ.
ഏഴുപേർ സംഭവസ്ഥലത്തുവച്ചും അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ 22 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അബ്ദുൾ ഹക്കിം വ്യക്തമാക്കി. യാത്രബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം.









0 comments