യുഎസ്‌ നീതിപീഠം പഴഞ്ചനായി തുടരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:36 AM | 0 min read

 

ആഭ്യന്തര നയങ്ങളിലല്ലാതെ മറ്റു കാര്യങ്ങളിൽ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും നിലപാടുകളിൽ വലിയ വ്യത്യാസമില്ല. കുടിയേറ്റം, ഗർഭച്ഛിദ്രാവകാശം, തോക്കവകാശം, ശാസ്‌ത്രപഠനം തുടങ്ങിയ വിഷയങ്ങളിലാണ്‌ ഇരു പാര്‍ടികൾക്കും കടുത്ത അഭിപ്രായവ്യത്യാസമുള്ളത്‌. ഈ വിഷയങ്ങളില്‍ പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത നിലപാടാണ്‌ ട്രംപിനും റിപ്പബ്ലിക്കൻ പാർടിക്കും. റിപ്പബ്ലിക്കൻ ഭരണ സംസ്ഥാനങ്ങളിൽ പരിണാമസിദ്ധാന്തത്തിനൊപ്പം സൃഷ്ടിവാദവും  പഠിപ്പിക്കുന്നു.

യുഎസ് സുപ്രീംകോടതിയിൽനിന്നുപോലും കാലോചിതമല്ലാത്ത വിധികളാണ്‌ ഉണ്ടാകുന്നത്‌.  അമേരിക്കൻ പ്രസിഡന്റ്‌ നിയമിച്ച്‌, സെനറ്റിന്റെ അംഗീകാരത്തോടെ സ്ഥാനമേൽക്കുന്ന സുപ്രീംകോടതി ജഡ്‌ജിക്ക്‌ മരണംവരെയോ സ്വയം വിരമിക്കുംവരെയോ  തുടരാം. നിലവിൽ സുപ്രീംകോടതിയിലുള്ള ഒമ്പത്‌ ജഡ്‌ജിമാരിൽ ആറുപേരും ട്രംപ്‌ അടക്കം മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ച മതയാഥാസ്ഥിതികരാണ്‌. യുഎസ്‌ ചരിത്രത്തിലെ ഏറ്റവും യാഥാസ്ഥിതികമായ സുപ്രീംകോടതിയാണിത്. ഇവിടെ യാഥാസ്ഥിതികരുടെ  ഭൂരിപക്ഷം പതിറ്റാണ്ടുകളോളം തുടരുമെന്ന് ട്രംപിന്റെ വിജയം അടിവരയിടുന്നു. യുഎസ്‌ സുപ്രീംകോടതി രണ്ടുവർഷംമുമ്പാണ് ഗർഭച്ഛിദ്രാവകാശം എടുത്തുകളഞ്ഞത്‌.  2020ൽ ട്രംപ്‌ സർക്കാരിന്റെ അവസാനകാലത്താണ്‌ യാഥാസ്ഥിതികയായ എയ്‌മി കോണി ബാരറ്റിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ചത്‌. ഏഴു മക്കളുള്ള എയ്‌മി ഗർഭച്ഛിദ്രത്തിന്‌ എതിരാകുന്നത്‌ സ്വാഭാവികം.

2016ൽ സുപ്രീംകോടതി ജഡ്‌ജി ആന്റണിൻ സ്‌കാലിയ മരിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിർദേശിച്ച മെറിക്‌ ഗാർലൻഡിനെ അംഗീകരിക്കുന്നത്‌ ഒഴിവാക്കാൻ റിപ്പബ്ലിക്കൻ ഭൂരിപക്ഷ സെനറ്റ്‌ ചേരാതിരുന്ന ചരിത്രമുണ്ട്‌. ആകെ മൂന്നു ജഡ്‌ജിമാരെ നിയമിക്കാൻ ട്രംപിന്‌ അവസരം കിട്ടി.

നിലവിൽ സുപ്രീംകോടതിയിലുള്ള ഏറ്റവും മുതിർന്ന ജഡ്‌ജിയായ ക്ലാരൻസ്‌ തോമസിനെ 1991ൽ ജോർജ്‌ ബുഷ്‌ സീനിയർ നിയമിച്ചതാണ്‌. ചീഫ്‌ ജസ്റ്റിസ്‌ ജോൺ റോബർട്‌സിനെ നിയമിച്ചത്‌ 2005ൽ ജോർജ്‌ ബുഷ്‌ ജൂനിയർ. അടുത്തവർഷം സാമുവൽ അലിറ്റോ എന്ന ജഡ്‌ജിയെക്കൂടി ബുഷ്‌ ജൂനിയർ  നിയമിച്ചു. സോണിയ സോട്ടോമെയർ (2009), എലീന കഗാൻ (2010) എന്നീ രണ്ടുപേരെ നിയമിക്കാൻ ഒബാമയ്‌ക്ക്‌ അവസരം ലഭിച്ചു. എന്നാൽ, ജോ ബൈഡന്‌ ഒരാളെയേ നിയമിക്കാനായുള്ളൂ, 2022ൽ കെതാൻജി ബ്രൗൺ ജാക്‌സണെ.  കറുത്ത വംശക്കാരിയായ ആദ്യ ജഡ്‌ജിയാണവർ.

 



deshabhimani section

Related News

View More
0 comments
Sort by

Home