മഴയിൽ തളിർത്ത്‌ സഹാറ; ചിത്രങ്ങൾ പങ്കുവെച്ച്‌ നാസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 02:28 PM | 0 min read

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ പച്ചപ്പ്‌. കനത്ത മഴയാണ്‌  സഹാറയിൽ സസ്യങ്ങൾ മുളയ്ക്കാൻ ഇടയാക്കിയത്‌. സെപ്തംബർ ഏഴ്‌, എട്ട്‌ തിയതികളിൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലാണ്‌ സസ്യജാലങ്ങങ്ങൾ പ്രത്യക്ഷപ്പെട്ടത്‌.  നാസയുടെ ഉപഗ്രഹ ചിത്രങ്ങളാണ്‌ പച്ചപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. നാസയുടെ എർത്ത് ഒബ്‌സർവേറ്ററിയുടെ കണ്ടെത്തൽ പ്രകാരം മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ മഴയിൽ സസ്യങ്ങൾ മുളച്ചു പൊന്താറുണ്ട്‌.

എന്നാൽ സഹാറയിലെ പച്ചപ്പ്‌ പുതിയ പ്രതിഭാസമല്ലെന്നാണ്‌ ശാസ്ത്രജ്ഞർ പറയുന്നത്‌. 5,000 വർഷത്തിനുമുമ്പ്‌  സഹാറയിൽ സസ്യജാലങ്ങളും തടാകങ്ങളും ഉണ്ടായിരുന്നെന്ന്‌ വുഡ്‌സ് ഹോൾ ഓഷ്യനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ്‌ പീറ്റർ ഡിമെനോകലിന്റെ മുൻകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആഫ്രിക്കൻ മേഖലയിൽ ഈയിടെയുണ്ടായ വെള്ളപ്പൊക്കം കാരണം സാധാരണയായി വറ്റിവരണ്ടുകിടക്കുന്ന തടാകങ്ങൾ പോലും നിറയുകയാണെന്ന്  ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എർത്ത് സയൻസസിലെ അധ്യാപകനായ മോഷെ അർമോൺ പറയുന്നു.

ജനസാന്ദ്രത കുറഞ്ഞ ആഫ്രിക്കൻ പ്രദേശങ്ങളെ മഴ  വലിയ തോതിൽ ബാധിച്ചെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും അസോസിയേറ്റഡ് പ്രസ്സും പറയുന്നു. വെള്ളപ്പൊക്കം കാരണം 1,000ത്തിലധികം ആളുകൾ മരിക്കുകയും 14 ആഫ്രിക്കൻ രാജ്യങ്ങളിലായി 4 ദശലക്ഷത്തോളം ആളുകൾ ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്‌. സമുദ്ര താപനിലയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കൻ പ്രദേശത്ത്‌ ലഭിക്കുന്ന മഴയുടെ അളവിൽ ഗണ്യമായ മാറ്റമാണ്‌ വരുത്തിയിട്ടുള്ളത്‌.  

 



deshabhimani section

Related News

View More
0 comments
Sort by

Home