വിസ നിഷേധിച്ചു:ഇന്ത്യക്കാരടക്കമുള്ളവര്‍ ബ്രസീലില്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 04:33 PM | 0 min read

സാവോ പോളോ> വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു.വിമാനത്താവളത്തില്‍ തുടരുന്ന ഇവരെ പ്രത്യേകമായി ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണെന്നും കുളിക്കാനോ ഭക്ഷണം വാങ്ങാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്

 ബ്രസീലിലെ ശൈത്യത്തെ പ്രതിരോധിക്കാന്‍ ബ്ലാങ്കറ്റുകള്‍ പോലും ഇവരുടെ കൈവശമില്ല. ഘാനയില്‍നിന്നുള്ള 39-കാരന്‍ രണ്ടാഴ്ച മുമ്പ് മരണപ്പെട്ടു. ഇയാളുടെ മരണകാരണം വ്യക്തമായിട്ടില്ല.വെള്ളവും ഭക്ഷണവും ലഭിക്കാതെ നൂറുകണക്കിന് പേരാണ് ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും തറയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണെന്നും വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു.


കാനഡയിലേക്കും യു.എസിലേക്കും ട്രാന്‍സിറ്റ് പോയിന്റായി ബ്രസീലിലേക്ക് എത്തുന്ന വിദേശികളുടെ ഒഴുക്ക് തടയാനാണ് ബ്രസീല്‍ സര്‍ക്കാരിന്റെ നടപടിയെന്നാണ് സൂചന. സ്വന്തം രാജ്യത്ത് പീഡനവും ഭീഷണിയും നേരിടുന്നെന്ന് പറഞ്ഞ് എത്തുന്നവര്‍ ബ്രസീലില്‍ അഭയംതേടിയ ശേഷം അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ബ്രസീല്‍ സര്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കടുത്ത നിയന്ത്രണനീക്കം.

കൊളംബിയയേയും പാനമയേയും ബന്ധിപ്പിക്കുന്ന ഡാരിയന്‍ ഗ്യാപ്പിലൂടെയാണ് ഇവര്‍ യു.എസിലേക്കും കാനഡയിലേക്കുംകടക്കുന്നത്. ഇതിനിടെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നതിന് പകരം ബ്രസീലിന് കൈമാറാന്‍വേണ്ടിയാണ് അഭയം തേടുന്നതെന്നാണ് കണ്ടെത്തല്‍.


ബ്രസീല്‍ വിസയില്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനെത്തുന്നവര്‍ നേരിട്ട് ആ രാജ്യത്തേക്ക് പോവുകയോ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യണമെന്ന് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇത് നിലവില്‍ വരും.
 



deshabhimani section

Related News

View More
0 comments
Sort by

Home