ad
Deshabhimani

print edition വീണ്ടും യുദ്ധഭീതി: ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ ആക്രമണം; ഇസ്രയേൽ വ്യോമതാവളങ്ങളിൽ ഇറാന്റെ മിസൈല്‍വര്‍ഷം

Tehran Rains Missiles afp.jpg

സിറിയ നജ്‌ഹയിലെ കൃഷിയിടത്തിൽവീണ മിസൈൽ നോക്കുന്ന കർഷകൻ| AFP

വെബ് ഡെസ്ക്

Published on Jun 09, 2026, 12:29 AM | 1 min read

തെഹ്‌റാൻ/ടെൽ അവീവ്‌: യുദ്ധം ആരംഭിച്ച്‌ 101 –ാം ദിവസം നടന്ന ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ വീണ്ടും കലുഷിതമായി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട്‌ ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചു. ഇസ്രയേല്‍ നടത്തിയ കടന്നാക്രമണത്തിന് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കി. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. തെഹ്‌റാൻ, ഇസഫഹാൻ, തബ്രിസ്, കാരജ് എന്നീ നഗരങ്ങളിലെ റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും തകർത്തു. മഹ്ഷഹറിലുള്ള കാരുൺ പെട്രോകെമിക്കൽ പ്ലാന്റും ആക്രമിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ ഇറാനിലെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.


ലെബനനിലെ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ വർഷിച്ചു. ഇസ്രയേലിലെ നെവാറ്റിം, തെൽ നോഫ് വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടു. ആളപായമോ കടുത്ത നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. അതേസമയം, ആക്രമണം ഉടൻ നിർത്തണമെന്ന്‌ ഇരുരാജ്യങ്ങളോടും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേലിന് താക്കീത് നൽകിയതായും സൈനിക നീക്കങ്ങൾ തൽക്കാലം നിർത്തിവച്ചതായും ഇറാൻ സൈന്യം അറിയിച്ചു. ഇസ്രയേൽ ഇനിയും ലെബനനെ ലക്ഷ്യംവച്ചാല്‍ ഇതിലും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യാൻ മുന്നറിയിപ്പ് നൽകി.


യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതരും ഇസ്രയേലിലെ ജാഫ മേഖല ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിനെതിരെയുള്ള ഇറാന്റെയും യെമന്റെയും നീക്കങ്ങൾക്ക് ഹമാസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ അൽ-ഖർജ് വ്യോമതാവളത്തിന് സമീപം സ്ഫോടനം ഉണ്ടായി. സൗദിയും ഖത്തറും അടിയന്തര നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home