print edition ഇറാനിലേക്ക് 6 റോഡ് തുറന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: യുഎസ്–ഇസ്രയേൽ ആക്രമണം സൃഷ്‌ടിച്ച പ്രതിസന്ധിക്കിടെ ഇറാനിലേക്ക് ചരക്കുനീക്കത്തിനായി പാകിസ്ഥാൻ അതിർത്തിയിൽ ആറ് പുതിയ റോഡുകൾ തുറക്കുന്നു. ഇറാൻ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ആയിരക്കണക്കിന് കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ചരക്കുകൾ റോഡ് മാർഗം ഇറാനിലെത്തിക്കാൻ വഴിതുറന്നത്.
കറാച്ചി, ഖാസിം പോർട്ട്, ഗ്വാദർ എന്നീ തുറമുഖങ്ങളെ ഇറാൻ അതിർത്തിയിലെ ഗബ്‌ദ്, തഫ്താൻ ക്രോസിങ്ങുകളുമായി ബന്ധിപ്പിക്കുന്നതാണ് റോഡുകൾ.
ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സൈനികമേധാവി അസിം മുനീറുമായും കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് നീക്കം. പ്രാദേശിക വ്യാപാരം പ്രോത്സാഹിപ്പിക്കാനും വ്യാപാര ഇടനാഴി എന്ന നിലയിൽ പാകിസ്ഥാന്റെ പങ്ക് വർധിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണിതെന്ന് ഫെഡറൽ വാണിജ്യമന്ത്രി ജാം കമൽഖാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് യുഎസ് നാവികസേന ഉപരോധിച്ചതിനാൽ ഇറാനിലേക്ക് ചരക്കയക്കുന്ന കമ്പനികൾക്ക് പാകിസ്ഥാൻ വഴിയുള്ള പുതിയപാത ആശ്വാസമാകും. എന്നാൽ, 2025 മേയിലെ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ ചരക്കുകൾ പാകിസ്ഥാനിലൂടെ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.










0 comments