വിരിപ്പുകൃഷി
പ്രതിസന്ധിയിലും നിലമൊരുങ്ങുന്നു

കോട്ടയം നിരാശയും കടബാധ്യതകളും മാറ്റിവച്ച് നെൽകർഷകർ വിരിപ്പുകൃഷിയിലേക്ക്. മുൻവിളയുടെ പണം കിട്ടാതെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വിരിപ്പുകൃഷിയുടെ ഒരുക്കത്തിലാണ് കർഷകർ. കാലവസ്ഥ അനുകൂലമായാൽ ജൂൺ പകുതിയോടെ വിത്തെറിയാനാകുമെന്ന പ്രതീക്ഷയിലാണ്. നിലമൊരുക്കൽ ജോലികൾ ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ പുരോഗമിക്കുന്നു. ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലായി 4,430 ഹെക്ടറിലാണ് ഇത്തവണ വിരിപ്പുകൃഷി. പാലയിൽ നാല് ഹെക്ടറിലും കൃഷിയിറക്കും. പാലയിലും വെച്ചൂർ, കാണക്കാരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 120 ഹെക്ടറിൽ കൃഷിക്കുള്ള നടപടികൾ തുടങ്ങി. ജില്ലയിൽ 103 പാടശേഖരങ്ങളിലാണ് കൃഷി. മോട്ടർ സ്ഥാപിക്കൽ, പുറംബണ്ട് ബലപ്പെടുത്തൽ, ഉഴവ് തുടങ്ങിയവയാണ് പ്രാഥമിക ജോലികൾ. പുറം ബണ്ട് ബലപ്പെടുത്തൽ വെല്ലുവിളിയാണ്. വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ പുറം ബണ്ട് ബലപ്പെടുത്താതെ കൃഷിയിറക്കാൻ കഴിയില്ല. ജില്ലയിൽ കൂടുതൽ വിരിപ്പുകൃഷി വെച്ചൂരിലാണ്. ഇവിടെ മാത്രം 1, 341 ഹെക്ടറിലാണ് കൃഷി. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ നിരവധി വർഷകർ അടുത്ത കൃഷിയിറക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ്. കടം വാങ്ങിയാണ് കർഷകർ കൃഷിക്ക് തയാറെടുക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടെ നെൽകർഷകർക്ക് കടുത്ത അവഗണനയാണ്. സംഭരണവില ഉയർത്തുന്നതുൾപ്പെടെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ നിഷേധിച്ചു. സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം.









0 comments