ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന്റെ മരണം; ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്യോതിഷ്

സ്വന്തം ലേഖകൻ
Published on Jun 24, 2026, 06:15 AM | 1 min read
കോട്ടയം : പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽനിന്ന് മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയാലെന്ന് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെതുടർന്ന് ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചു. കുമരകം ചൂളഭാഗം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷ്(41)ആണ് മരിച്ചത്. ഏഴ് പേരായിരുന്നു ഷാപ്പിൽ എത്തി ആഹാരം കഴിച്ചത്. പൊറോട്ടായും തലക്കറിയും കഴിച്ച അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
സംഭവത്തിൽ നാല് പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, ഷാപ്പ് മാനേജർ, പാചകക്കാരൻ എന്നിവരെ പ്രതിചേർത്താണ് വെസ്‌റ്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. നരഹത്യക്കാണ് കേസെടുത്തത്. ഷാപ്പ് പ്രവർത്തിച്ചത് ഭക്ഷണം നൽകാനുള്ള ലൈസൻസ് ഇല്ലാതെയാണ്. ഫുഡ് സേഫ്റ്റിയുടെയും അയ്മനം പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലായിരുന്നു. ഷാപ്പിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ല.
എറ്റുമാനൂർ റേഞ്ചിൽ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി എസ് 56–ാം നമ്പർ ഷാപ്പാണ് പരിപ്പ് തൊള്ളായിരംചിറ. ഇൗ ഗ്രൂപ്പിൽ ഏഴ് ഷാപ്പുകളുണ്ട്. ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് എക്‌സൈസ് കമീഷണർക്ക് കൈമാറി. തിരുവനന്തപുരം റീജണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമീഷണർ അശോക് കുമാർ പറഞ്ഞു.








0 comments