ഭീകരരെ ലക്ഷ്യമാക്കിയ ബോംബ് ആഴ്ച ചന്തയിൽ പതിച്ചു, നൈജീരിയയിൽ നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു

Photograph courtesy X
അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ യോബെ സംസ്ഥാനത്ത് ഭീകരരുടെ താവളം ലക്ഷ്യമിട്ട് സൈന്യം നടത്തിയ വ്യോമാക്രമണം പിഴച്ചു. പ്രാദേശിക ചന്തയിൽ ബോംബ് പതിച്ചതിനെ തുടർന്ന് 100-ത്തിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച ജില്ലി ഗ്രാമത്തിലെ ആഴ്ചവട്ട ചന്ത നടക്കുന്ന സമയത്തായിരുന്നു അപകടം. ആക്രമണത്തിൽ 100-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ചു. എന്നാൽ 200-ൽ അധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക കൗൺസിലർ ലവാൻ സന്ന ന്യൂർ ഗീദാമിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട് ചെയ്തു. ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണ ഗ്രാമീണരാണ്.
ഭീകരരുടെ ഒളിത്താവളവും ലോജിസ്റ്റിക് കേന്ദ്രവും ലക്ഷ്യമിട്ട് 'കൃത്യമായ ആക്രമണം' നടത്തി എന്നാണ് നൈജീരിയൻ വ്യോമസേന അവകാശപ്പെട്ടിരുന്നത്. രാജ്യത്തെ മുൻ വൈസ് പ്രസിഡന്റ് അതിക്കു അബുബക്കർ ആക്രമണത്തെ അപലപിച്ചു. ഭരണകൂടം ഉത്തരവാദിത്തം ഏൽക്കണമെന്ന് ആവശ്യപ്പെട്ടു.
വടക്കുകിഴക്കൻ നൈജീരിയയിൽ ബോക്കോ ഹറം, ഐഎസ്ഡബ്ല്യുഎപി പോലുള്ള ജിഹാദി വിഭാഗങ്ങൾക്കെതിരെ സൈനിക നടപടി തുടരുന്നതിനിടെയാണ് ഈ സംഭവം. നൈജീരിയയിൽ 2017 മുതൽ ഇത്തരത്തിലുള്ള സൈനിക ലക്ഷ്യ പിഴവുകളിൽ 500-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എപി വാർത്താ ഏജൻസിയുടെ കണക്ക്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണൽ ആവശ്യപ്പെട്ടു.










0 comments