ലോസ് ആഞ്ചലസിൽ നാളെ മുതൽ മഴ: കാട്ടുതീക്ക് ശമനമാകുമെന്ന് പ്രതീക്ഷ; ഒപ്പം അപകട സാധ്യതാ മുന്നറിയിപ്പും

ലോസ് ആഞ്ചലസ്: കാട്ടുതീ പടർന്നു പിടിക്കുന്നതിന് പിന്നാലെ ലോസ് ആഞ്ചലസിൽ മഴ മുന്നറിയിപ്പ്. നാളെ മുതൽ തിങ്കളാഴ്ച വരെ ലോസ് ആഞ്ചലസിലും സമീപ പ്രദേശിങ്ങളിലും കനത്ത മഞ്ഞും മഴയും ഉണ്ടായേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ പടർന്നു പിടിക്കുന്ന കാട്ടുതീക്ക് ആശ്വാസമാകുമെങ്കിലും അതിശക്തമായ മഴയിൽ ചാരവും ചെളിയുമടക്കം കുത്തിയൊലിച്ചെത്തുന്നതും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള അപകട സാധ്യതകളുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തി ഗതാഗത തടസ്സങ്ങൾ സൃഷ്ടിച്ചേക്കം. ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതായി കാലിഫോർണിയ ഭരണകൂടം അറിയിച്ചു.
കാലിഫോർണിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷന്റെ റിപ്പോർട്ട് പ്രകാരം ലോസ് ആഞ്ചലസ് കൗണ്ടിയിൽ ജനുവരി ആദ്യം മുതൽ അഞ്ച് കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 28 പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയാകുകയും 15,000-ലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു.
ലോസ് ആഞ്ചലസിന് വടക്കുകിഴക്കായി അൽതഡേന നഗരത്തിലും ചുറ്റുപാടുമുള്ള താഴ്‌വരകളിൽ തീപിടുത്തത്തിൽ 14,021 ഏക്കർ കത്തി നശിച്ചതായാണ് റിപ്പോർട്ട്. നഗരത്തിൻ്റെ പടിഞ്ഞാറുള്ള പാലിസേഡ്സ് ഭാഗത്ത് 23,448 ഏക്കറും കത്തിനശിച്ചു. ലോസ് ആഞ്ചലസിൽ നിന്ന് 195 കിലോമീറ്റർ തെക്കുകിഴക്കായി സാൻ ഡിയാഗോ നഗരത്തിൽ ഈ ആഴ്ച രണ്ട് തീപിടുത്തങ്ങളിലായി 123 ഏക്കർ കത്തിനശിച്ചു. തീപിടുത്തങ്ങൾ ഇപ്പോഴും സജീവമാണ്. പാലിസേഡ്സ് ഭാഗത്തെ തീ 70 ശതമാനവും അൽതഡേന ഭാഗത്തെ തീ 95 ശതമാനവും നിയന്ത്രണ വിധേയമാക്കി.
ലോസ് ആഞ്ചലസിന് വടക്കുഭാഗത്ത് കാസ്റ്റൈക് തടാകത്തിനു സമീപം ബുധനാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കാട്ടുതീ വൻതോതിൽ പടർന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിക്കുന്നതു കാരണം കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ തീജ്വാലകൾ ആളി പടരുന്നതായാണ് റിപ്പോർട്ട്. പ്രദേശം മുഴുവൻ പുകപടലങ്ങൾ മൂടിയിരിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 10,000ഏക്കറിലധികം വനം കത്തി നശിച്ചു എന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. 50,000-ത്തിലധികം കാലിഫോർണിയ നിവാസികളോട് വീടുകളൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കാൻ ശ്രമിക്കുകയാണ്. പ്രദേശത്ത് മണിക്കൂറിൽ 67 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. വരും മണിക്കൂറുകളിൽ 96 കിലോമീറ്റർ വരെ തീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ കാലിഫോർണിയയിലും കാറ്റ് ശക്തമാണ്. തീ പടർന്നു പിടിക്കാനുള്ള സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇതിനിടെ തീപിടുത്ത നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ന് കാലിഫോർണിയ സന്ദർശിക്കും. 250 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
0 comments