print edition പശ്‌ചിമേഷ്യ സംഘർഷം: കോൺഗ്രസിൽ ഭിന്നത രൂക്ഷം

ന്യൂഡൽഹി
: പശ്‌ചിമേഷ്യൻ സംഘർഷത്തോടുള്ള മോദി സർക്കാരിന്റെ നയതന്ത്ര നിലപാടിനോട് ഏതുസമീപനം സ്വീകരിക്കണമെന്നതിൽ കോൺഗ്രസിൽ ആശയകുഴപ്പം തുടരുന്നു. കോൺഗ്രസ് പ്രവർത്തകസമിതിയിലെ അംഗങ്ങളായ ശശി തരൂരും മനീഷ് തിവാരിയും മോദി സർക്കാരിന്റെ യുഎസ്– ഇസ്രയേൽ വിധേയ നിലപാടിനെ പ്രശംസിക്കുമ്പോൾ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് വ്യത്യസ്‌ത അഭിപ്രായവുമായി രംഗത്തെത്തി. സർക്കാർ നിലപാടിനെ ധാർമിക ഭീരുത്വമെന്ന് വിശേഷിപ്പിച്ച ജയ്‌റാം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളോടുള്ള രാഷ്ട്രീയ വഞ്ചനയാണെന്നും കുറ്റപ്പെടുത്തി.
‘ഇറാനെതിരായ യുഎസ്– ഇസ്രയേൽ ആക്രമണത്തെയും മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിനെയും മോദി സർക്കാർ അപലപിച്ചില്ല.
ഇറാനെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കും വിധം അവിടെ ഭരണമാറ്റത്തിന് യുഎസും ഇസ്രയേലും നടത്തുന്ന ഹീനമായ ശ്രമങ്ങളെയും അപലപിച്ചിട്ടില്ല. സംഘർഷം അവസാനിപ്പിക്കുന്നതിന് ആത്മാർഥമായ നയതന്ത്ര നടപടിയൊന്നും ഇതുവരെ സ്വീകരിച്ചില്ല’– ജയ്‌റാം രമേശ് സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.
പശ്‌ചിമേഷ്യൻ സംഘർഷത്തിൽ മോദി സർക്കാരിന്റേത് ശരിയായ നയതന്ത്ര നിലപാടാണെന്ന് തരൂരും മനീഷ് തിവാരിയും അഭിപ്രായപ്പെട്ടിരുന്നു. ഇരുവരെപ്രശംസിച്ച് ബിജെപി രംഗത്തുവരികയും ചെയ്‌തു.









0 comments