ad
Deshabhimani

ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; പര്‍വതാരോഹകയുടെ മൃതദേഹം കണ്ടെത്തി, രണ്ടുപേർക്കായി തിരച്ചിൽ

volcano eruption indonesia

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on May 09, 2026, 07:38 PM | 2 min read

ജക്കാർത്ത : ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ഒരു മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെത്തി. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലെ മൗണ്ട് ഡുകോണോയിൽ ഒരു ദിവസം മുമ്പാണ് അഗ്നിപർവത സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അകപ്പെട്ട ഇന്തോനേഷ്യൻ സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ ശനിയാഴ്ച കണ്ടെടുത്തത്. രണ്ട് സിംഗപ്പൂർ സ്വദേശികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് 1,355 മീറ്റർ (4,445 അടി) ഉയരമുള്ള അഗ്നിപർവതത്തിൽ കയറിയ 20 പേരുടെ സംഘത്തിലുണ്ടായിരുന്നതാണ് മരിച്ചവർ. വെള്ളിയാഴ്ച പുലർച്ചെയാണ് ഡുകോണോ പൊട്ടിത്തെറിച്ച് 10 കിലോമീറ്റർ ഉയരത്തിൽ ചാരം പ്രദേശത്ത് വ്യാപിച്ചത്.

പ്രാദേശിക ഹൈക്കർ ആയ എൻജെലിന്റെ മൃതദേഹം അ​ഗ്നിപർവതത്തിന്റെ പ്രധാന ഗർത്തത്തിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ കണ്ടെത്തിയതായി പ്രാദേശിക സെർച്ച് ആൻഡ് റെസ്‌ക്യൂ ഓഫീസിന്റെ തലവനായ ഇവാൻ രാംദാനി പറഞ്ഞു. അ​ഗ്നിപർവതത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നുണ്ടെങ്കിലും സിം​ഗപ്പൂർ സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

സ്ഫോടനത്തിന് മണിക്കൂറുകൾക്ക് ശേഷം, 17 പർവതാരോഹകരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇതിൽ ഏഴ് സിംഗപ്പൂർ പൗരന്മാരും രണ്ട് ഇന്തോനേഷ്യക്കാരും ഉൾപ്പെടുന്നു. ഇവർ നൽകിയ വിവരങ്ങൾ പ്രകാരമാണ് കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചത്. രക്ഷപെടുത്തിയവരിൽ പത്ത് പേർക്ക് നിസ്സാര പൊള്ളലേറ്റു.

ഡ്രോണുകളുടെ പിന്തുണയോടെ 100-ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ശനിയാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഇന്തോനേഷ്യയിലെ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി റിപ്പോർട്ട് ചെയ്തു. അഗ്നിപർവതത്തിന് സമീപമുള്ള നിരീക്ഷണ പോസ്റ്റ് നിന്ന് രാത്രിയിൽ ലാവാ സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ട് ചെയ്തു. 2008 മുതൽ മൗണ്ട് ഡുകോണോ സജീവമാണ്. 2024 ഡിസംബറിൽ സജീവമായ ഗർത്തത്തിന് ചുറ്റും നാല് കിലോമീറ്റർ (2.5 മൈൽ) ഒഴിവാക്കൽ മേഖലയായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ഏപ്രിലിൽ മൗണ്ട് ഡുക്കോണോയിലേക്കുള്ള എല്ലാ ഹൈക്കിംഗ് റൂട്ടുകളും പ്രാദേശിക അധികാരികൾ ഔദ്യോഗികമായി അടച്ചുപൂട്ടിയിരുന്നു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നിരോധനം ശക്തിപ്പെടുത്തുകയും ചെയ്തു. നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. പർവതാരോഹകരും ടൂർ ഓപ്പറേറ്റർമാരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഏജൻസി അഭ്യർഥിച്ചു. നിലവിൽ ഉയർന്ന ജാഗ്രതാ നിലയിലുള്ള രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് മറ്റ് സജീവ അഗ്നിപർവതങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

270 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപസമൂഹ രാഷ്ട്രമായ ഇന്തോനേഷ്യ പസഫിക് "റിംഗ് ഓഫ് ഫയറി" ന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. ഡുക്കോണോ കൂടാതെ 120 ലധികം സജീവ അഗ്നിപർവതങ്ങളും ഇവിടെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home