ad
Deshabhimani

print edition ആകാശം താണ്ടി അനിലായനം

anil menon
വെബ് ഡെസ്ക്

Published on Jul 15, 2026, 12:00 AM | 1 min read

ബൈക്കനൂർ: മാനവരാശിയുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറകുമുളപ്പിച്ച്‌, നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോനും രണ്ട് റഷ്യൻ സഹപ്രവർത്തകരും എട്ടുമാസം നീളുന്ന കാത്തിരിപ്പിലേക്കും പര്യവേക്ഷണത്തിലേക്കും യാത്ര തിരിച്ചു. കസാഖ്സ്ഥാനിൽനിന്നും ചൊവ്വാഴ്‌ച രാത്രി ഇന്ത്യൻ സമയം 8.17-ന് സോയൂസ് എംഎസ്-29 പേടകം ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ അത് മനുഷ്യന്റെ അതിരുകളില്ലാത്ത നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി.


നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിലിന്‌ പുറമെ റഷ്യക്കാരായ പ്യോത്ത്‌ ദുത്രോവ്‌, അന്ന കികിന എന്നിവരുമായി ചൊവ്വാഴ്‌ച രാത്രി 8.17 നാണ്‌ അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ കുതിച്ചത്‌. മൂവരും യാത്ര ചെയ്യുന്ന സോയൂസ്‌ എംഎസ്‌ 29 പേടകം അരമണിക്കൂറിനുള്ളിൽ റോക്കറ്റിൽ നിന്ന്‌ വേർപെട്ട്‌ ഭ്രമണപഥത്തിലേക്ക്‌ നീങ്ങി. മൂന്നു മണിക്കൂറിനിടെ രണ്ടുവട്ടം ഭൂമിയെ വലംവച്ച പേടകത്തെ പടിപടിയായി നിലയത്തിലേക്ക്‌ അടുപ്പിച്ചു. രാത്രി 11.30 ഓടെ പേടകം നിലയത്തിലെ സെനിത്ത്‌ കവാടത്തിൽ ഡോക്ക്‌ ചെയ്‌തു. ബുധൻ പുലർച്ചെ ഒന്നോടെ നിലയത്തിന്റെ കവാടം തുറന്നു. ആദ്യം അനിൽ മേനോനും തുടർന്ന്‌ മറ്റുള്ളവരും നിലയത്തിനുള്ളിൽ പ്രവേശിച്ചു. നിലയത്തിന്റെ കമാൻഡർ സെർജി കുദ്‌ സർക്കോവിന്റെ നേതൃത്വത്തിൽ മൂവരെയും സ്വീകരിച്ചു. മൂവരും എത്തിയതോടെ നിലയത്തിലുള്ളവരുടെ എണ്ണം പത്തായി.


2021 ൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ മേനോൻ സ്‌പേസ്‌ എമർജൻസി മെഡിസിനിൽ ഡോക്‌ടറാണ്‌.യുഎസ്‌ എയർഫോഴ്‌സിലും സ്‌പേസ്‌ ഫോഴ്‌സിലും ഫ്‌ളൈറ്റ്‌ സർജനായും പ്രവർത്തിച്ചു. സ്‌പേസ്‌ എക്‌സിലെ ആദ്യ ഫ്‌ളൈറ്റ്‌ സർജനാണ്‌. പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും ഉക്രെയ്‌ൻ സ്വദേശി എലിസബത്തിന്റേയും മകനാണ്‌. ഭാര്യ അന്ന വിൽഹെം സ്‌പേസ്‌ എക്‌സിന്റെ പൊളാരിസ്‌ ഡോൺ ദ‍ൗത്യത്തിൽ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്‌. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പേശികളിലും അസ്‌ഥികളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, രക്തചംക്രമണ വ്യവസ്ഥയുടെ മാറ്റങ്ങൾ തുടങ്ങിയവും അനിൽ പഠന വിധേയമാക്കും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഇവർക്ക് കൂട്ടായി നാസയുടെ ജെസീക്ക മെയർ, ജാക്ക് ഹാത്ത്‌വേ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യക്കാരായ സെർജി മികായേവ്, ആൻഡ്രേ ഫെഡ്യാവേവ് എന്നിവരുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home