പാകിസ്ഥാനിൽ ഉഷ്ണതരംഗം; 10 മരണം

പ്രതീകാത്മകചിത്രം
കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ ഉഷ്ണതരംഗത്തിൽ 10 പേർ മരിച്ചു. സിന്ധ് പ്രവിശ്യയെ ബാധിച്ച ഉഷ്ണതരംഗത്തിൽ താപനില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. കറാച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് തിങ്കളാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. ആശുപത്രികളിലെ ചികിത്സയ്ക്കിടെ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളുള്ള അഞ്ച് പേർ മരിച്ചുവെന്ന് രാജ്യവ്യാപകമായി മെഡിക്കൽ സൗകര്യങ്ങളുടെയും ഷെൽട്ടർ ഹോമുകളുടെയും ശൃംഖല നടത്തുന്ന ഈദി വെൽഫെയർ ട്രസ്റ്റിലെ ഫൈസൽ ഈദി പറഞ്ഞു.
പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പിന്റെ (പിഎംഡി) കണക്കനുസരിച്ച്, 2018 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമാണ് തിങ്കളാഴ്ച കറാച്ചിയിൽ രേഖപ്പെടുത്തിയത്. നഗരത്തിൽ താപനില 44°C ആണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച പിഎംഡി കറാച്ചിയിലും സിന്ധ് പ്രവിശ്യയിലുടനീളമുള്ള നിരവധി ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും ഉയർന്ന ചൂട്, വരണ്ട കാലാവസ്ഥ എന്നിവ അനുഭവപ്പെടുമെന്നും പിഎംഡി പറയുന്നു. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും നിലവിലെ അവസ്ഥ തുടരുമെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
ഉഷ്ണതരംഗത്തിനു പുറമെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തകരാറുകളും ലോഡ്ഷെഡിങ്ങും കറാച്ചിയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. മരണങ്ങളിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ ദുഃഖം രേഖപ്പെടുത്തി. ആവശ്യമെങ്കിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും പൗരന്മാരോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.









0 comments