ad
Deshabhimani

ഡിജിറ്റൽ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ്

" ഇനിയും ഞങ്ങൾക്കുനേരെ വരരുത് " ഗോത്ര ഭൂമിയിൽ ഡാറ്റാ കേന്ദ്രങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ചെറോക്കി നേഷൻ

Native American
വെബ് ഡെസ്ക്

Published on Aug 14, 2026, 03:05 PM | 3 min read

ഓക്‌ലഹോമ: ഡാറ്റാ വേഗത്തിന്റെ സൗകര്യങ്ങൾ എല്ലാം നിങ്ങൾക്കും ഡാറ്റാ സെന്ററുകൾ ഉണ്ടാക്കുന്ന വിനാശങ്ങൾ ഞങ്ങൾക്കും എന്നത് വേണ്ടെന്ന് അമേരിക്കയിലെ തദ്ദേശീയ ഗോത്ര ജനത. പുതിയ ഒരു ഡാറ്റാ കേന്ദ്രത്തിന്റെ നിര്‍മ്മിതയെ എതിര്‍ക്കുകയല്ല, തങ്ങളുടെ ഗോത്രമേഖലയിൽ ‍ഡാറ്റാ കേന്ദ്രങ്ങൾക്ക് മുഴുവൻ തന്നെ വിലക്ക് പ്രഖ്യാപിച്ചിരിക്കയാണ് ചെറോക്കി നേഷൻ (Cherokee Nation) എന്ന ഗോത്രവിഭാഗം.


വെറുതെ പ്രതിഷേധം സംഘടിപ്പിച്ചതല്ല. മാസങ്ങൾ നീണ്ട പഠനങ്ങൾക്കും ചര്‍ച്ചകൾക്കും ശേഷം ഇത്തരം ഹൈപ്പര്‍ ഡാറ്റാ കേന്ദ്രങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിത ജൈവ സാമൂഹിക പ്രശ്നങ്ങൾ പഠിച്ചാണ് വിലക്ക് പ്രഖ്യാപിച്ചത്. ഇതിനായി സര്‍വ്വേകളും സെമിനാറുകളും സംഘടിപ്പിക്കയും ചെയ്തു. തങ്ങളുടെ തദ്ദേശീയ വിഭവങ്ങളും സാംസ്കാരിക ജീവിത രീതികളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കയാണ്.


അമേരിക്കൻ അധിനിവേശത്തിൽ ഏറ്റവും അധികം വില നൽകേണ്ടിവന്നത് അവിടത്തെ തദ്ദേശീയ ഗോത്ര വര്‍ഗ്ഗങ്ങളാണ്. അവയിൽ പ്രമുഖമാണ് ചെറോക്കി നേഷൻ. സമാനമായ ഇതര ഗോത്രവര്‍ഗ മേഖലകളിലും ഡാറ്റാ കേന്ദ്രങ്ങളുടെ നിര്‍മ്മിതിക്ക് എതിരെ എതിര്‍പ്പ് ഉയരുന്നു. ഗോത്ര വര്‍ഗ മേഖലളെ ഇത്തരം ആവശ്യങ്ങക്കായി ഉപയോഗപ്പെടുത്തുന്ന ഭരണകൂടവുമായി ചേര്‍ന്നുള്ള കോര്‍പ്പറേറ്റ് തന്ത്രങ്ങളാണ് ചെറുക്കപ്പെടുന്നത്.


ചെറോക്കി പൗരന്മാരുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വിലക്ക് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പ്രിൻസിപ്പൽ ചീഫ് ചാക്ക് ഹോസ്‌കിൻ ജൂനിയർ വ്യക്തമാക്കി.


"ഞങ്ങളുടെ ഭൂമിയിൽ ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നത് പ്രകൃതിവിഭവങ്ങളെയും സാംസ്‌കാരിക ജീവിതരീതികളെയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ ഭരണകൂടത്തിനും ജനങ്ങൾക്കും വലിയ ആശങ്കയുണ്ട്. കൃത്യമായ കൂടിയാലോചനകളും അനുമതികളുമില്ലാതെ ഒരു ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററിനെയും ഞങ്ങളുടെ റിസർവേഷനിൽ അനുവദിക്കില്ല," ചാക്ക് ഹോസ്‌കിൻ പ്രസ്താവനയിൽ വ്യക്തമാക്കി.


വടക്കുകിഴക്കൻ ഒക്ലഹോമയിലെ ഏകദേശം ഏഴായിരം ചതുരശ്ര മൈൽ വിസ്തൃതിയുള്ള പ്രദേശമാണ് ചെറോക്കി റിസര്‍വേഷൻ. ഇതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് ഗോത്ര അവകാശത്തിന് കീഴിൽ ഇപ്പോൾ അവശേഷിക്കുന്നത്. ബാക്കിയെല്ലാം അമേരിക്കൻ കുടിയേറ്റം കൈവശപ്പെടുത്തി. ഇതിനുപുറമെയാണ് ഡാറ്റാ കേന്ദ്ര നിര്‍മ്മിതിക്കുള്ള ശ്രമം. ന്യൂയോര്‍ക്കിൽ ഗവര്‍ണര്‍ കാത്തി ഹോഗുൽ ഡാറ്റാ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.


ഗോത്രവര്‍ഗങ്ങളെ സ്വാധീനിക്കാൻ


വൻ വികസനവും നിക്ഷേപവും വാഗ്ദാനം ചെയ്തായിരുന്നു ഡാറ്റാ കമ്പനികളുടെ നീക്കം. ഗോത്ര മേഖലയിൽ അതത് വിഭാഗങ്ങൾക്ക് സര്‍വ്വാധികാരം ഉള്ളതിനാൽ ഇവരിൽ നിന്നും എളുപ്പം അനുമതി വാങ്ങിക്കയും സാങ്കേതിക കരുക്കുകൾ ഇല്ലാതെ നിര്‍മാണം നടത്തുകയും ചെയ്യാം എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ഗോത്ര തീരുമാനം തിരിച്ചായി. ഇതിനിടയിൽ പതിവ് തന്ത്രം പ്രയോഗിച്ച് ഭിന്നിപ്പിന് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.


പഠനവും സര്‍വേയും നടത്തി അഭിപ്രായ ഐക്യം സ്വരൂപിച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്. സെമിനോൾ നേഷൻ, കികാപ്പു ട്രൈബ് എന്നീ വിഭാഗങ്ങളും ഇതോടെ തീരുമാനം കടുപ്പിച്ചു. ഡാറ്റാ കേന്ദ്രങ്ങളുടെ വികസന പ്രലോഭനവുമായി തങ്ങളുടെ ഭൂമിയിലേക്കും വരരുതെന്ന് പ്രഖ്യാപിച്ചു. എഐയുടെയും നവവികസന സാധ്യതകളുടെയും പേരുപറഞ്ഞ് വീണ്ടുമുള്ള അധിനിവേശം പ്രതിരോധിക്കപ്പെടുകയാണ്.


Related News

കഴിഞ്ഞ വർഷമാണ് ഗോത്ര മേഖലകളെ ലക്ഷ്യം വെച്ചുള്ള നീക്കം തുടങ്ങിയത്. നാഷണൽ കോൺഗ്രസ് ഓഫ് അമേരിക്കൻ ഇന്ത്യൻസ് (NCAI) എക്സിക്യൂട്ടീവ് ഡയറക്ടർ ലാറി റൈറ്റ് ജൂനിയർ ആണ് ഗോത്ര മേഖല ലക്ഷ്യമാക്കി ലോബിയിങ് നടത്തിയത്. വെള്ളപ്പൊക്കത്തിനും മറ്റ് പ്രകൃതി ദുരന്തങ്ങൾക്കും സാധ്യത കുറഞ്ഞ തദ്ദേശീയ ഭൂമികൾ "അമേരിക്കയുടെ AI ആധിപത്യത്തിന് അനുയോജ്യമായ ഇടമാണ്" എന്ന് ഇദ്ദേഹം ഡൊണൾ‍ഡ് ട്രംപിന് കത്തെഴുതിയിരുന്നു.


നിങ്ങൾക്ക് ഡാറ്റ കുടിക്കാൻ കഴിയില്ല. എഐ ആണ് ഏറ്റവും വലിയ നുണ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തദ്ദേശീയ ജനത ഇതിനെ നേരിട്ടത്.


ഡാറ്റാ സെന്ററുകൾ അമിതമായി വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നത് അമേരിക്കയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഡാറ്റാ സെന്ററുകൾക്ക് എതിരായ തിരിച്ചറിവ് ഫെഡറൽ സംസ്ഥാനങ്ങളിൽ പരക്കെ ശക്തമാകുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇവ കൊണ്ടുവന്ന് സ്ഥാപിക്കാനുള്ള നീക്കങ്ങൾ വലിയ എതിര്‍പ്പ് നേരിടുന്നു.


ഡാറ്റാ സെന്റർ വാച്ചിന്റെ കണക്കനുസരിച്ച്, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം അമേരിക്കയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിഷേധത്തെ തുടർന്ന് 130 ബില്യൺ ഡോളർ മൂല്യമുള്ള 75 ഡാറ്റാ സെന്റർ പ്രൊജക്ടുകളാണ് ഉപേക്ഷിക്കേണ്ടി വന്നത്.


cherokki


ലോക വേദിയിലേക്ക്


വിലക്കുകളും സമരങ്ങളും മാത്രമായി ഒതുക്കാതെ ഇത്തരം പ്രശ്നങ്ങളെ ലോക വേദിയിൽ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയെ തങ്ങളുടെ ഉപാധികളോടെ സ്വീകരിക്കാനും സംരക്ഷണം ഉറപ്പാക്കാനും ഐക്യരാഷ്ട്ര സഭയെ സമീപിക്കാനുള്ള തീരുമാനം ഉണ്ടായി. ന്യൂയോര്‍ക്കിലെ ഹെന്നസി കൗണ്ടിയിലുള്ള സ്റ്റാമ്പ് പദ്ധതി തങ്ങളുടെ റിസര്‍വേഷൻ പ്രദേശത്തിന് ചേര്‍ന്നാണ് എന്ന പരാതിയുമായി ടോണവാണ്ട സേനേക്ക നേഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ അധിനിവേശം വേണ്ട എന്നാണ് ഇവരുടെ മുന്നറിയിപ്പ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home