പാകിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥരും താലിബാനുമായി ഏറ്റുമുട്ടൽ; 6 സൈനികര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം
പെഷവാർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ താലിബാനുമായുള്ള ഏറ്റുമുട്ടലിൽ 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഹസ്സൻ ഖേൽ പ്രദേശത്തെ ചെക്ക് പോസ്റ്റ് പിടിച്ചെടുക്കാൻ ശ്രമിച്ച താലിബാൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ആറ് ഫ്രോണ്ടിയർ കോൺസ്റ്റാബുലറി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെഡറൽ കോൺസ്റ്റാബുലറി ചെക്ക് പോസ്റ്റ് പിടിച്ചെടുക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തുകയും എട്ട് തീവ്രവാദികളെ വധിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്ക് പോസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതികരിച്ചെന്നും തുടർന്ന് ശക്തമായ വെടിവയ്പ്പുണ്ടായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് സുരക്ഷാ സേനയുടെ കൂടുതൽ സംഘം പ്രദേശത്തെത്തി. അവശേഷിക്കുന്ന തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ പെഷവാറിന്റെ പ്രാന്തപ്രദേശത്തുള്ള മട്ടാനി പ്രദേശത്തെ ഫ്രോണ്ടിയർ റീജിയൻ ജിന കോറിനടുത്തുള്ള കിഷൻ ഗംഗ ചെക്ക് പോസ്റ്റിൽ തീവ്രവാദികൾ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. തീവ്രവാദികൾ 4 വാഹനങ്ങൾ നശിപ്പിക്കുകയും, ചെക്ക്-പോസ്റ്റ് കെട്ടിടത്തിൽ ബോംബ് വയ്ക്കുകയും ചെയ്തു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ വക്താവ് എഹ്സാനുല്ല എഹ്സാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.









0 comments