വിലക്കയറ്റവും യുദ്ധവും; ട്രംപിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വ്വെ, തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം

വാഷിങ്ടൺ: ഇറാൻ ആക്രമണം ആറുമാസം പിന്നിടുമ്പോൾ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ജനപ്രീതി കൂടുതൽ ഇടിയുന്നതായി റിപ്പോര്‍ട്ട്. ആഴ്ചകൾക്കുള്ളിൽ തീര്‍ത്തുതരാം എന്നുപറഞ്ഞ് തുടങ്ങിയ ആക്രമണം രാജ്യത്ത് വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാര്‍ടിക്ക് വലിയ തിരിച്ചടിയാകും.
അസോസിയേറ്റഡ് പ്രസ്സ്-NORC സെന്റർ നടത്തിയ സര്‍വെ പ്രകാരം മൂന്നിൽ രണ്ട് ഭാഗം അമേരിക്കക്കാരും ഇറാനെതിരായ ആക്രമണം അനാവശ്യമായിരുന്നു എന്നു കരുതുന്നു. പഴയ സ്റ്റീൽ വ്യവസായ കേന്ദ്രമായ പെൻസിൽവാനിയയിലെ ബെത്ലഹേമിൽ നിന്നുള്ള ഒരു വോട്ടറുടെ പ്രതികരണം ഇത്തവണ ഡെമോക്രാറ്റുകൾക്ക് വോട്ട് മറിച്ച് നൽകും എന്നായിരുന്നു. ഇന്ധന വിലവര്‍ധനവാണ് സാധാരണക്കാരുടെ ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്.
ഡെമോക്രാറ്റുകളുടെയും സ്വതന്ത്രരുടെയും ഭൂരിപക്ഷത്തിന് പുറമെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാര്‍ടിയിൽ തന്നെ അനുഭാവികളിൽ വലിയ വിഭാഗം ഇറാൻ ആക്രമണത്തെ ചോദ്യം ചെയ്യുകയാണ്. ഇറാഖ് അധിനിവേശത്തിന് മുന്നോടിയായി ജോര്‍ജ് ബുഷ് നല്ല തയാറെടുപ്പ് നടത്തിയിരുന്നു. ജനങ്ങളെയും സഖ്യകക്ഷികളെയും കൂടെ ചേര്‍ത്തു. എന്നാൽ ഇറാന്റെ കാര്യത്തിൽ ട്രംപ് ഇക്കാര്യങ്ങളിൽ എല്ലാം പരാജയപ്പെട്ടു എന്നാണ് വോട്ടര്‍മാരുടെ പ്രതികരണം.
എന്നാൽ വിപണിയിലെ പ്രതിസന്ധി വകവെക്കാതെ ട്രംപിനെ പിന്തുണയ്ക്കുന്ന മേഖകളും ഉണ്ട്. നോര്‍ത്ത് കരോലിന, ഐയോവ മേഖലകളിൽ എല്ലാം ഇത്തരത്തിൽ പ്രതികരണങ്ങൾ ഉയര്‍ന്നു. അമേരിക്കൻ കോൺഗ്രസിലെ നേരിയ ഭൂരിപക്ഷം നിലനിര്‍ത്താൻ ഈ നേരിയ പിന്തുണ ട്രംപിന് മതിയാവുമോ എന്ന ചര്‍ച്ചകളാണ് ഉയരുന്നത്.
നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഒരു പ്രസിഡന്റിന്റെ നാല് വര്‍ഷ കാലയളവിൽ രണ്ടു വര്‍ഷത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കാണ് ഈ തെരഞ്ഞെടുപ്പിനെ മിഡ് ടേം എന്നു വിളിക്കുന്നത്. ഇതോടൊപ്പം ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിൽ നൂറിൽ 33 സീറ്റുകളിലേക്കും കൂടാതെ വിവിധ ഗവര്‍ണര്‍ പദവികളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
യുദ്ധമില്ലെന്ന് വാഗാദാനം ചെയ്ത് വോട്ട് നേടിയ പ്രസിഡന്റ്
ഇനി പുതിയ യുദ്ധങ്ങൾക്കില്ലെന്ന് വാഗ്ദാനം ചെയ്താണ് കഴിഞ്ഞ തവണ ട്രംപ് തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാൽ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി ഇസ്രയേലിന്റെ വലയിൽ വീണ് യുദ്ധം തുടങ്ങി. ഒടുവിൽ ഇസ്രയേൽ തന്നെയും അകലുന്ന സാഹചര്യമായി. 2025 ൽ തന്നെ ട്രംപിന്റെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇറാൻ ആക്രമണം കൂടി തുടങ്ങിയതോടെ ഇതിന്റെ വേഗം വര്‍ധിച്ചു.
ഓഗസ്റ്റ് 14,-17 തീയതികളിൽ റോയിട്ടേഴ്‌സ്/ഇപ്സോസ് നടത്തിയ സർവേയിൽ ട്രംപിന്റെ ജനപ്രീതി 33 ശതമാനമായി താഴ്ന്നതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയും അദ്ദേഹത്തിന്റെ നിലവിലെ ഭരണകാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മറ്റ് സര്‍വ്വേകളിലും ഇതേ പ്രതിഫലനമായിരുന്നു. വെനിസ്വേലയിൽ സംഭവിച്ചത് പോലെ പെട്ടെന്ന് ഒരു ആക്രമണം നടത്തി ഭരണ കൂടത്തെ മറിച്ചിടും എന്ന പ്രതീതിയാണ് ഇറാൻ ആക്രമണത്തിന്റെ തുടക്കത്തിൽ ട്രംപ് ഉണ്ടാക്കാൻ ശ്രമിച്ചത്. പക്ഷേ ഇത് കൈവിട്ടു പോയി. സ്വന്തം ജനപ്രീതിയും കൈവിട്ടു. പെട്രോൾ വില ഇപ്പോൾ 4 ഡോളറിന് മുകളിലാണ്. നേരത്തെ ഇത് ശരാശരി 3.14 ഡോളറായിരുന്നു.










0 comments