യൂട്യൂബർ ഛവി വാർഷ്‌ണിയും അമ്മയും വാഹനാപകടത്തിൽ മരിച്ചു

ഇൻഡോർ: പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഛവി വാർഷ്‌ണിയും (23) അമ്മ സാരികയും (50) മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഉജ്ജയിൻ-ഗരോഥ് നാലുവരിപ്പാതയിൽ രാമഖേഡി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം ഉജ്ജയിനിലെ മഹാകാളേശ്വർ ക്ഷേത്രദർശനത്തിനായി പോകുകയായിരുന്നു ഇവർ.
ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ്‌യുവിയുടെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാൾ അകത്ത് കുടുങ്ങിയതിനാൽ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. സൂരജ്പാൽ, സച്ചിൻ, ശ്യാം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഉത്തർപ്രദേശ് സ്വദേശികളാണ്.
പരിക്കേറ്റവരെ ആദ്യം ബറോഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ആഗറിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ബറോഡ് പൊലീസ് അറിയിച്ചു.
2021-ൽ യൂട്യൂബ് ചാനൽ ആരംഭിച്ച ഛവി വാർഷ്‌ണി വ്ലോഗുകളിലൂടെയും ഗെയിമിംഗ് വീഡിയോകളിലൂടെയുമാണ് ശ്രദ്ധ നേടിയത്. യൂട്യൂബിൽ ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 2.79 ലക്ഷം ഫോളോവേഴ്‌സുമുള്ള കണ്ടന്റ് ക്രിയേറ്ററാണ്.










0 comments