പാലക്കാട് ഡിവിഷൻ വിഭജനത്തിൽ പരാതിയില്ല, പ്രതിഷേധമില്ല; കോൺഗ്രസിനും ബിജെപിക്കും ഒറ്റ മൈൻഡ്

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചതിനെതിരെ മൗനം സ്വീകരിച്ച യുഡിഎഫും നടപടി ശരിയെന്ന് വാദിക്കുന്ന ബിജെപിയും കേരളത്തോട് കാണിക്കുന്നത് കൊടിയ വഞ്ചന. റെയിൽവേയുടെ കാര്യത്തിൽ കേരളത്തെ തീർത്തും അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ഫലപ്രദമായ ഒരു പ്രതിഷേധം പോലും ഉയർത്താൻ കോൺഗ്രസും യുഡിഎഫിലെ മറ്റു ഘടകകക്ഷികളും തയ്യാറാകുന്നില്ല.
ദേശീയതലത്തിൽ പ്രതിഷേധം ഉയർത്താതെ, പാലക്കാട് മാത്രം പ്രഹസനമായ സമരങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽപൊടിയിടുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയടക്കമുള്ള കേരളത്തിലെ കോൺഗ്രസിന്റെ മുഴുവൻ എംപിമാരും പഞ്ചപുഛമടക്കി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ 25 പേർ പോലുമുണ്ടായില്ല. അണികളെ പോലും അറിയിക്കാതെ നേതാക്കൾ പേരിന് സമരം നടത്തുകയായിരുന്നു. വലിയ പ്രക്ഷോഭം നടത്തി കേന്ദ്ര സർക്കാരിന്റെ അപ്രീതി വാങ്ങാൻ അവർക്കു താൽപ്പര്യമില്ല. അൽപ്പമെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നുവെങ്കിൽ വി കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള എംപിമാർ ഡൽഹിയിലായിരുന്നു സമരം നടത്തേണ്ടത്. അവിടെയാണ് വെട്ടിമുറിക്കലിനുള്ള തീരുമാനം എടുത്തത്. അവിടെ പോയി സമരം ചെയ്യാനുള്ള ധൈര്യം കോൺഗ്രസുകാർക്കില്ലെന്ന് പാർലമെന്റിൽ നിർണായക സന്ദർഭങ്ങളിൽ സ്വീകരിച്ച മൗനത്തിലൂടെ നേരത്തേ തെളിഞ്ഞതാണ്.
റെയിൽവേയുടെ അനീതിക്കെതിരെ യുഡിഎഫ് സർക്കാർ പുലർത്തുന്ന നിസംഗതയിൽ അത്‌ഭുതമില്ല. പിഎം ശ്രീ, ഭവനപദ്ധതി, വഖഫ്‌ബോർഡ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനേക്കാൾ മുന്നിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ തിടുക്കംകൂട്ടുന്നവർ ഇക്കാര്യത്തിൽ എതിർത്താൽ മാത്രമേ അതിശയിക്കേണ്ടതുള്ളൂ. പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിനോ, റെയിൽവേ മന്ത്രാലയത്തിനോ കത്തെഴുതാൻ പോലും വി ഡി സതീശൻ തയ്യാറായിട്ടില്ല. മറ്റു മന്ത്രിമാർക്കും ഇക്കാര്യത്തിൽ ഒരഭിപ്രായവുമില്ല. യുഡിഎഫിലെ മറ്റൊരു വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇക്കാര്യം അറിഞ്ഞതേയില്ല എന്ന ഭാവത്തിലാണ്.
നേരത്തേ, സിൽവർ ലൈനിനെ എതിർക്കുന്നതിൽ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായിരുന്നു. എന്നാൽ, പാലക്കാട് ഡിവിഷൻ വിഷയത്തിൽ കോൺഗ്രസ് മൗനംപാലിക്കുന്പോൾ ബിജെപി കേന്ദ്രം ചെയ്‌തത് ശരിയെന്ന് വാദിക്കുകയാണ്. കേരളത്തിലെ റെയിൽവേ ഡിവിഷനുകളെ വെട്ടിമുറിക്കുകയല്ല, ന്യായമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൂട്ടരും പ്രതികരിച്ചത്. കേരള ജനതയുടെ ഒരു കാര്യവും അവരുടെ അജണ്ടയിലില്ല. ജിഎസ്‌ടി ഉൾപ്പെടെ കേരളത്തിന് കിട്ടാനുള്ള കേന്ദ്ര വിഹിതം തടയുന്പേഴെല്ലാം ബിജെപി കേരള ഘടകം കേരളത്തിനെതിരായി പ്രതികരിക്കുന്നത് നിരവധി തവണ നമ്മൾ കണ്ടതാണ്. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനല്ല, കേന്ദ്രത്തിലെ സ്വന്തം യജമാനന്മാരെ പ്രീതിപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം.










0 comments