ad
Deshabhimani

നേപ്പാളിലെ മിന്നൽ പ്രളയം; മരണം 359 ആയി, 1300-ലധികം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Nepal.jpg
വെബ് ഡെസ്ക്

Published on Aug 27, 2026, 06:25 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 359 മരണം സ്ഥിരീകരിച്ച് പൊലീസ്. 1300 ലധികം പേരെ കാണാനില്ല, ഇവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്. ബുധനാഴ്ച രാവിലെയുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് ജില്ലകൾ പൂർണമായും നശിച്ചു. സമീപകാലത്ത് നേപ്പാളിലുണ്ടായ ഏറ്റവും ഭീകരമായ ദുരന്തമാണിതെന്ന് സർക്കാർ അറിയിച്ചു.


ഇന്ത്യയിൽ നിന്ന് പോയ 288 ആളുകളെയാണ് കാണാതായത്. തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയവരെയാണ് കാണാതായത്. സോളാർ ലാമ്പുകൾ, ശുചിത്വ കിറ്റുകൾ, എട്ട് ടണ്ണിലധികം മരുന്നുകളും ഭക്ഷണവുമടക്കം 48 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ട് സൈനിക വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് അയച്ചിട്ടുണ്ട്.


പ്രളയത്തിൽ റോഡുകളും പാലങ്ങളും പൂർണമായും തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. ഹിമാലയൻ അതിർത്തിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ പാറകളും മഞ്ഞുകട്ടകളും ലെൻഡെ ഖോല നദിയിലേക്ക് പതിച്ചിരുന്നു.


ഇതിനെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ വെള്ളവും പാറകളും ഭോടെ കോസി നദിയിൽ വന്നുപതിക്കുകയായിരുന്നു. കുത്തനെ ഒഴുകുന്നതും വേഗമേറിയ ഒഴുക്കുള്ളതുമായ നദിയാണ് ഭോടെ കോസി.


ചെങ്കുത്തായ മലനിരകളും ഇടുങ്ങിയ താഴ്‌വര പ്രദേശങ്ങളുമായതിനാൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും വേഗത കൂടുതലായിരുന്നു. ഇതാണ് മിന്നൽ പ്രളയത്തിൽ കലാശിച്ചത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home