സ്ഥലം മാറ്റ പ്രതികാരം തുടരുന്നു: രോഗികൾക്കും രക്ഷയില്ല; ഒരാൾക്ക് തന്നെ രണ്ടും മൂന്നും മാറ്റം

തിരുവനന്തപുരം: ആദ്യം തിരുവനന്തപുരത്തേക്ക് തൊട്ടുപിന്നാലെ നെയ്യാറ്റിൻകരയിലേക്ക് അവിടെ വണ്ടിയിറങ്ങും മുന്പ് കോട്ടയത്തേക്ക്. ബസ് റൂട്ടാണെന്ന് തെറ്റിധരിക്കേണ്ട. യുഡിഎഫ് സർക്കാരിന്റെ നൂറുദിവസത്തെ സ്ഥലംമാറ്റ പ്രതികാര നടപടിയിൽ സർക്കാർ ഉദ്യോസ്ഥന്റെ നെട്ടോട്ടമാണ്. ഒരാൾക്ക് തന്നെ രണ്ടും മൂന്നും മാറ്റങ്ങൾ നൽകി പീഡിപ്പിക്കുന്നത് മുതൽ കാൻസറും ഹൃദ്രോഗവും അടക്കമുള്ള അസുഖങ്ങൾ പോലും പരിഗണിക്കാതെയുള്ള സ്ഥലമാറ്റ ക്രൂരതയുമാണ് അരങ്ങേറുന്നത്. സർക്കാരിന്റെ പ്രതികാര നടപടിയിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമായിട്ടും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള സ്ഥലംമാറ്റത്തിന് ഒരു മാറ്റവുമില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേദിവസം മുതൽ സ്ഥലം മാറ്റങ്ങൾ ആരംഭിച്ചിരുന്നു. മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിക്കുന്നതിനു മുന്പ് ഭരണപരമായ സൗകര്യം എന്ന പേരിലാണ് സ്ഥലംമാറ്റങ്ങൾ നടത്തി തുടങ്ങിയത്. സർക്കാർ ജീവനക്കാരും കോളേജ് അധ്യപകരും ഉൾപ്പെടെ 20,000ത്തിലധികം പേരെയാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയത്. ഇതിൽ പകുതിയും സ്‌ത്രീകളാണ്. മുലയൂട്ടുന്ന അമ്മമാർ, ഗുരുതര രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ, ഗുരുതര രോഗം ബാധിച്ച ജീവനക്കാർ, ഭിന്നശേഷിക്കാർ, വിധവകൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, പട്ടികജാതി –വർഗ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങി സ്ഥലംമാറ്റത്തിൽ നിന്ന് പരിരക്ഷയുള്ളവരെ പോലും വെറുതെ വിട്ടില്ല.
മെയ് മാസത്തിൽ തിരുവനന്തപുരം എ ആർ ജനറൽ ഓഫീസിൽ നിന്നു നെയ്യാറ്റിൻകരയിലെ എ ഡി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥനെ ഓഫീസിൽ ഇരിക്കാൻ പോലു സമയം നൽകാതെയാണ് മാറ്റിയത്. ആദ്യ സ്ഥലംമാറ്റത്തെ തുടർന്ന് മെയ് 22 നെയ്യാറ്റിൻകരയിൽ ഉദ്യോഗസ്ഥൻ ജോയിൻ ചെയ്തിരുന്നു. എന്നാൽ ആഗസ്ത് 22ന് കോട്ടയം ജെ ഡി ഓഡിറ്റ് ഓഫീസിലേക്ക് വീണ്ടും മാറ്റി. ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയെങ്കിലും പുനർനിയമന ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. ജോലിയിൽ കയറി പത്ത് മാസം മാത്രമായ ഉദ്യോഗസ്ഥനെ മൂന്ന് മാസത്തിനിടയിൽ രണ്ട് പ്രാവശ്യം സ്ഥലം മാറ്റി.
പ്രതികാര നടപടികളിൽ കാൻസർ രോഗബാധിതർ പോലുമുണ്ട്. സീനിയർ ക്ലാർക്ക് തസ്തികയിൽ നിന്ന് ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച തിരുവനന്തപുരം സ്വദേശിയായ കാൻസർ രോഗിയെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പോളിടെക്നിക്കിലേക്കാണ് മാറ്റിയത്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതിയും കുടുംബസാഹചര്യങ്ങളും വിശദീകരിച്ച് സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി സമർപ്പിച്ചിരുന്നുവെങ്കിലും, യാതൊരു അനുകൂല പരിഗണനയും ലഭിച്ചിട്ടില്ല.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയും വിരമിക്കാൻ പത്ത് മാസം മാത്രമുള്ള തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയെ കണ്ണൂർ ജില്ലയിലേക്കാണ് മാറ്റിയത്. അസുഖ വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഹാജരാക്കിയിരുന്നു. എന്നിട്ടും സർക്കാർ കണ്ണുതുറന്നില്ല.
ഉദ്യോഗസ്ഥരുടെ പഠനം മുടക്കുന്ന തരത്തിലും സ്ഥലമാറ്റം നൽകി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിൽ സഹ്നായന ബാച്ചിൽ ബിടെക്കിന് ചേർന്ന ഉദ്യോഗസ്ഥൻ കെ പി ശരത് കൃഷ്ണനെ സിഇടിയിലെ സായാഹ്ന ഓഫീസിലേക്കാണ് മാറ്റിയത്. ഇതോടെ പഠനം തടസ്സപ്പെട്ടു. പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് അപേക്ഷ നൽകുകയും ശരതിന് പകരം സായാഹ്ന ഓഫീസിൽ ജോലി ചെയ്യാൻ മറ്റ് ജീവനക്കാർ സന്നദ്ധത അറിയിച്ചിട്ടും സ്ഥലം മാറ്റം നടപ്പാക്കുകയായിരുന്നു.
ഇത്തരത്തിൽ യുഡിഎഫ് സർക്കാർ ജീവനക്കാരുടെ നേർക്ക് സമാനതകളില്ലാത്ത വേട്ടയാണ് നടത്തുന്നത്. പ്രതിപക്ഷ സർവീസ് സംഘടനകളിൽപ്പെട്ടവരെ തെരഞ്ഞുപിടിച്ച് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. ഇക്കാരണത്താൽപല വകുപ്പുകളിലെയും പ്രവർത്തനം പ്രതിസന്ധിയിലായ നിലയുമുണ്ട്.









0 comments