കോസി, ത്രിശൂൽ നദികൾ കരകവിഞ്ഞു; പ്രളയത്തിന്റെ അവശിഷ്ടങ്ങൾ വന്നുപതിക്കുക ബിഹാറിൽ

കരകവിഞ്ഞൊഴുകുന്ന ഭോടെ കോസി നദി
പട്ന: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ അവശിഷ്ടങ്ങൾ വന്നുപതിക്കുക ബിഹാറിൽ. ഹിമാലയത്തിൽ നിന്നുത്ഭവിച്ച് നേപ്പാളിലൂടെ ബിഹാറിലെത്തുന്ന ഭോടെ കോസി നദിയിലൂടെയാണ് പ്രളയത്തിന്റെ അവശിഷ്ടങ്ങൾ ഒഴുകിയെത്തുക.
ഹിമാലയൻ അതിർത്തിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ പാറകളും മഞ്ഞുകട്ടകളും ലെൻഡെ ഖോല നദിയിലേക്ക് പതിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ വെള്ളവും പാറകളും ഭോടെ കോസി നദിയിൽ വന്നുപതിക്കുകയായിരുന്നു.
കുത്തനെ ഒഴുകുന്നതും വേഗമേറിയ ഒഴുക്കുള്ളതുമായ നദിയാണ് ഭോടെ കോസി. ചെങ്കുത്തായ മലനിരകളും ഇടുങ്ങിയ താഴ്‌വര പ്രദേശങ്ങളുമായതിനാൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും വേഗത കൂടുതലായിരുന്നു. ഇതാണ് മിന്നൽ പ്രളയത്തിൽ കലാശിച്ചത്.
നദി നേപ്പാളിൽ കുത്തനെയാണ് ഒഴുകുന്നത്. ഇന്ത്യയിലേക്കെത്തുമ്പോൾ കോസി സമനിലയിലുള്ള പ്രദേശങ്ങളിലെത്തും. അതുകൊണ്ടുതന്നെ പ്രളയത്തിന്റെ അവശിഷ്ടങ്ങളായ പാറകളും പ്രളയം തകർത്ത കെട്ടിടാവശിഷ്ടങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളും വാഹനങ്ങളുമെല്ലാം ബിഹാറിൽ നദി ഒഴുകുന്ന പ്രദേശത്താക്കും വന്നടിയുക.
അതേസമയം, റോഡുകളും പാലങ്ങളും ഗ്രാമങ്ങളും പൂർണമായും നശിച്ചുപോയ സാഹചര്യത്തിൽ നേപ്പാളിൽ ജനജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുപോകാൻ മാസങ്ങളെടുക്കാനാണ് സാധ്യത.









0 comments