ad
Deshabhimani

യുപിയില്‍ ഗായകനും യൂട്യൂബറുമായ അങ്കിത് ബലിയാൻ വെടിയേറ്റ് മരിച്ചു

ankit baliyan
വെബ് ഡെസ്ക്

Published on Aug 27, 2026, 06:43 PM | 1 min read

ഷാംലി: ജിമ്മിൽനിന്ന് പുറത്തിറങ്ങിയ ഹരിയാൻവി ഗായകനും നടനും യൂട്യൂബറുമായ അങ്കിത് ബലിയാൻ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഷാംലിയിൽ ബുധനാഴ്ചയാണ് സംഭവം. 32 വയസായിരുന്നു. വ്യായാമം കഴിഞ്ഞ് കാറിനടുത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം.


രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ അങ്കിതിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. ഏകദേശം 18 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഒന്നിലധികം വെടിയേറ്റ അങ്കിതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഷാംലി ജില്ലയിലെ ബാന്തിഖേര ഗ്രാമ സ്വദേശിയായ അങ്കിത് പിന്നീട് ഹരിയാനയിലെ റോഹ്തക്, സോനിപത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഗീതരംഗത്ത് പ്രവർത്തിച്ചിരുന്നത്. ഹരിയാൻവി സംഗീതലോകത്ത് ശ്രദ്ധേയനായിരുന്ന അങ്കിതിന് യൂട്യൂബിൽ 3.6 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ടായിരുന്നു. സംഗീതത്തിനൊപ്പം അഭിനയത്തിലും കണ്ടന്റ് ക്രിയേഷനിലും ഉള്ളടക്ക നിർമാണത്തിലും സജീവമായിരുന്നു.


‘ഭരി കോർട്ട് മേൻ ഗോലി മാരേംഗെ’, ‘112 നേ’, ‘ഗോലി കെ ബറൂദ്’, ‘ജാട്ട് ജാട്ട്നി’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അങ്കിത് കൂടുതൽ ശ്രദ്ധ നേടിയത്. ‘ഭരി കോർട്ട് മേൻ ഗോലി മാരേംഗെ’ യൂട്യൂബിൽ 5.4 കോടിയിലധികം കാഴ്ചകൾ നേടിയിരുന്നു. മസൂം ശർമ, രാജു പഞ്ചാബി, ആശു ട്വിങ്കിൾ തുടങ്ങിയ ഹരിയാൻവി സംഗീതരംഗത്തെ പ്രമുഖരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.


ഗ്രാമീണ ജീവിതം, പ്രാദേശിക സ്വത്വം, ശക്തിപ്രകടനം തുടങ്ങിയ പ്രമേയങ്ങളായിരുന്നു അങ്കിതിന്റെ ഗാനങ്ങളിൽ കൂടുതലായി പ്രത്യക്ഷപ്പെട്ടിരുന്നത്.


കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമികൾ എത്തിയ രണ്ട് മോട്ടോർസൈക്കിളുകൾ കേന്ദ്രീകരിച്ചും സമീപത്തെ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്ന് അങ്കിതിന്റെ കുടുംബവും ആരാധകരും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home