എംവിഡി പീഡനം: ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം

തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടർ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കും.
തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ഉദ്യോഗസ്ഥർ ജനങ്ങളോട് കൂടുതൽ സൗഹാർദപരമായി ഇടപെടേണ്ടതുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments