ad
Deshabhimani

കേസ് പ്രത്യേക കോ‍ടതിയിലേക്ക് മാറ്റണം, പ്രതികൾക്ക് ജാമ്യം അനുവദിക്കരുത്: സുബീൻ ​ഗാർഗിന്റെ കുടുംബം

subeen garg
വെബ് ഡെസ്ക്

Published on Jan 24, 2026, 08:54 PM | 2 min read

ന്യൂഡൽഹി : കഴിഞ്ഞ വർഷം സിം​ഗപ്പൂരിൽ വച്ച് മരണമടഞ്ഞ പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ​ഗായകന്റെ കുടുംബം. കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ കേസിലെ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ കത്തിൽ കുടുംബം ആവശ്യപ്പെട്ടു. സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ, സഹോദരി പാൽമി ബോർതാക്കൂർ, അമ്മാവൻ മനോജ് ബോർതാക്കൂർ എന്നിവരാണ് കത്ത് നൽകിയത്. അസം പൊലീസിനു പുറമെ സിംഗപ്പൂർ അധികാരികൾ കുടുംബവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്ന് കത്തിൽ പറയുന്നു.


കേസിൽ കേന്ദ്രീകൃത വിധിനിർണ്ണയം, പൊതുജനവിശ്വാസം, നടപടിക്രമപരമായ കാലതാമസം ഒഴിവാക്കൽ എന്നിവ ഉറപ്പാക്കാൻ ഒരു പ്രത്യേക കോടതി സ്ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് കുടുംബം കത്തിൽ ആവശ്യപ്പെട്ടു. നീതി വൈകിപ്പിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യാതിരിക്കാൻ വിചാരണ നടപടികൾ വേഗത്തിലാക്കുക, പ്രതികൾക്ക് ജാമ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കേസിന്റെ പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും അസം സർക്കാർ രൂപീകരിച്ച അഞ്ചംഗ സംഘത്തെ സഹായിക്കുന്നതിനും ആവശ്യമെങ്കിൽ കൂടുതൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും കുടുംബം അഭ്യർഥിച്ചു. സിംഗപ്പൂർ അധികൃതരുമായി സജീവമായ നയതന്ത്രപരവും നിയമപരവുമായ ഇടപെടൽ തുടർന്നും വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ​ഗായകൻ സുബീൻ ​ഗാർ​ഗ് സിം​ഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർ​ഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നുദിവസത്തെ നോർത്ത്‌ ഇ‍ൗസ്റ്റ്‌ മേളയ്‌ക്കായാണ് അസം സ്വദേശിയായ ​ഗായകൻ സിംഗപ്പൂരിലെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചിരുന്നു. ഏഴ് പേരാണ് കേസിൽ ആകെ അറസ്റ്റിലായത്. ഡിസംബർ 12 ന് കുറ്റപത്രം സമർപ്പിച്ചു.


നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ (NEIF) ചീഫ് ഓർ​ഗനൈസർ ശ്യാംകനു മഹാന്ത, സുബീൻ ​ഗാർ​ഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, സുബീന്റെ ബന്ധുവും പൊലീസ് ഓഫീസറുമായ സന്ദീപൻ ഗാർഗ്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരായ (പിഎസ്ഒ) നന്ദേശ്വർ ബോറ, പ്രബിൻ ബൈഷ്യ എന്നിവരാണ് അറസ്റ്റിലായത്. നാല് പേർക്കെതിരെ കൊലപാതകക്കുറ്റവും ഒരാൾക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയും എസ്‌ഐടി ചുമത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ഫണ്ടോ സ്വത്തോ ദുരുപയോഗം ചെയ്തുകൊണ്ട് ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.


സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ​ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക്‌ ചുവടുവച്ച സുബീൻ നിരവധി ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സം​ഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ​ഗാർ​ഗ് ആയിരുന്നു. ​നിരവധി ​ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ​ഗാർ​ഗ് സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home