കുറ്റപത്രത്തെ സ്വാഗതം ചെയ്യുന്നു; കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിക്കണം- സുബീൻ ഗാർഗിന്റെ ഭാര്യ

ഗുവാഹത്തി : സുബീൻ ഗാർഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച കുറ്റപത്രത്തെ സ്വാഗതം ചെയ്യുന്നതായി ഭാര്യ ഗരിമ ഗാർഗ്. അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ തന്നെ നടന്നുവെന്നും അന്വേഷണ ഏജൻസിയോട് നന്ദി പറയുന്നുവെന്നും ഗരിമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഇനി എല്ലാം ജുഡീഷ്യൽ പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു, അത് സുഗമമായി നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ജുഡീഷ്യറിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, കുറ്റവാളികൾ അതിനനുസരിച്ച് ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ഈ വിഷയം എത്രയും വേഗം പരിഹരിക്കണം. സുബീൻ ഗാർഗിനെപ്പോലുള്ള ഒരാൾ കൊല്ലപ്പെട്ടതോടെ ആളുകൾ അസ്വസ്ഥരാണ്. അസമിലെ മുഴുവൻ ജനങ്ങളും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു" - ഗരിമ പറഞ്ഞു.
സുബീൻ ഗാർഗിന്റെ മരണത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി വെള്ളിയാഴ്ചയാണ് ഗുവാഹത്തി കോടതിയിൽ പ്രത്യേക അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചത്. സിംഗപ്പൂരിൽ ഗാർഗ് പങ്കെടുക്കേണ്ടിയിരുന്ന എൻഇഐഎഫ് പരിപാടിയുടെ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരാണ് പ്രതികൾ. ഗാർഗിന്റെ ബന്ധുവും സസ്‌പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയും ചുമത്തിയിട്ടുണ്ട്.
സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നുദിവസത്തെ നോർത്ത് ഇൗസ്റ്റ് മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചിരുന്നു. ഏഴ് പേരാണ് കേസിൽ ആകെ അറസ്റ്റിലായത്. സിംഗപ്പൂർ പൊലീസും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.
ഒക്ടോബർ 1 ന് ഡൽഹിയിൽ വെച്ചാണ് മഹന്തയെയും ശർമ്മയെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധ മൂലമുള്ള മരണത്തിന് കാരണക്കാരൻ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീട് കൊലപാതകക്കുറ്റം കൂടി ചേർത്തു. സുബീൻ ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെ ഒക്ടോബർ 8 നാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സുബീനൊപ്പം സിംഗപ്പൂരിലേക്ക് പോയ സംഘത്തിലും സുബീന്റെ അവസാന ബോട്ട് യാത്രയിലും സന്ദീപൻ ഒപ്പമുണ്ടായിരുന്നു. രണ്ട് പിഎസ്‌ഒമാരെ ഒക്ടോബർ 10 നാണ് അറസ്റ്റ് ചെയ്തത്.
സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക് ചുവടുവച്ച സുബീൻ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ഗാർഗ് ആയിരുന്നു. നിരവധി ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ഗാർഗ് സംഗീത സംവിധായകൻ, ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.










0 comments