ad
Deshabhimani

സുബീൻ ​ഗാർ​ഗിന്റെ മരണം: ഒരാൾ അറസ്റ്റിൽ, സംഘാടകരുടെ വസതിയിൽ എസ്ഐടി റെയ്ഡ്

subeen garg
വെബ് ഡെസ്ക്

Published on Sep 26, 2025, 10:41 AM | 2 min read

ന്യൂഡൽഹി : പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മരണത്തിനു മുമ്പ് സുബീൻ നടത്തിയ നൗക യാത്രയിൽ ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെയാണ് ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ മറ്റ് വിശദാം​ശങ്ങൾ ലഭ്യമല്ല. സുബീന്റെ മരണം അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിലുള്ള 10 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. സുബീൻ പങ്കെടുക്കാനെത്തിയ പരിപാടിയുടെ സംഘാടകരുടെ വീട്ടിൽ എസ്ഐടി റെയ്ഡ് നടത്തി.


നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്തയുടെയും മാനേജർ സിദ്ധാർത്ഥ ശർമയുടെയും വസതികളിലാണ് റെയ്ഡ് നടത്തിയത്. സുബീൻ ​ഗാർ​ഗിന്റെ മരണത്തിനു പിന്നാലെ വ്യാപക പ്രതിഷേധനാണ് സംസ്ഥാനത്ത് ഉയർന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി. ശർമ താമസിക്കുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിന് പുറത്ത് സ്ഥിതിഗതികൾ സംഘർഷഭരിതമായി. ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.


സിംഗപ്പൂരിലെ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായിരുന്നു ശ്യാംകാനു മഹന്ത. റെയ്ഡിന്റെ സമയത്ത് മഹന്ത വീട്ടിലുണ്ടായിരുന്നില്ല. സിദ്ധാർത്ഥ ശർമയുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് തകർത്താണ് പരിശോധന നടത്തിയത്. ഇതിനിടയിലാണ് വീടിനു മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്.


ശർമ്മയുടെ അമ്മ, സഹോദരൻ, സഹോദരി എന്നിവർ വീട്ടിൽ ഉണ്ടായിരുന്നതായും എന്നാൽ സുബീൻ മരിച്ച ദിവസം മുതൽ അവരെ കാണാനില്ലെന്നും പരിസരവാസികൾ പറഞ്ഞു. ലാപ്ടോപ് അടക്കമുള്ളവ വീട്ടിൽ നിന്ന് ശേഖരിച്ചതായാണ് വിവരം. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ല എന്ന് കണ്ടെത്തിയാൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച പറഞ്ഞു. സംഭവത്തിൽ എസ്ഐടി ഇതുവരെ ഔ​ദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.


സെപ്തംബർ 19നാണ് സിം​ഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർ​ഗ് അന്തരിച്ചത്. മൂന്നുദിവസത്തെ നോർത്ത്‌ ഇ‍ൗസ്റ്റ്‌ മേളയ്‌ക്കായാണ് അസം സ്വദേശിയായ ​ഗായകൻ സിംഗപ്പൂരിലെത്തിയത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഗാർഗിന് സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. സ്കൂബ ഡൈവിങ്ങിനിടെ ഗാർഗിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ​ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക്‌ ചുവടുവച്ച സുബീൻ നിരവധി ഹിറ്റ്‌ ഗാനങ്ങൾ അവതരിപ്പിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സം​ഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ​ഗാർ​ഗ് ആയിരുന്നു.


​നിരവധി ​ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ​ഗാർ​ഗ് സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബീന്റെ വിയോ​ഗത്തിൽ സിനിമ സാംസ്കാരിക രാഷ്ട്രീയ രം​ഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. ഫാഷൻ ഡിസൈനർ ​ഗരിമ സൈക്യ ​ഗാർ​ഗാണ് സുബീന്റെ ജീവിതപങ്കാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home