Deshabhimani

അമ്പരന്ന് ഡൽഹി പൊലീസ്‌

print edition യുവജന വേലിയേറ്റം

dlehi protest

പ്രക്ഷോഭകരെ സമരമുഖത്ത് നിന്ന് ബലപ്രയോഗത്തിൽ നീക്കംചെയ്യാനുള്ള പൊലീസ് ശ്രമം

avatar
സ്വന്തം ലേഖകൻ

Published on Oct 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രക്ഷോഭത്തിലേക്ക് യുവജനങ്ങള്‍ ഒഴുകിയെത്തിയതോടെ അന്പരന്ന്‌ ഡൽഹി പൊലീസും കേന്ദ്ര സേനകളും. പൊലീസിന്റെ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റിച്ചാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവജനപ്രവാഹമുണ്ടായത്.നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിന്‌ ശേഷം പ്രതിഷേധങ്ങൾ ഇല്ലാതാക്കുന്നതിനായി പൊലീസ്‌ ഇ‍ന്റലിജൻസ്‌ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. ഇന്റലിജൻസ്‌ വലയങ്ങൾക്കൊന്നും പിടികൊടുക്കാതെയാണ്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡല്‍ഹിയില്‍ യുവജനങ്ങളെ ഇറക്കിയത്.


പ്രതിഷേധത്തിനുള്ള രണ്ട്‌ അനുമതികളും നിഷേധിച്ചതിനാൽ സംഘടനകൾ തീരുമാനത്തിൽ നിന്ന്‌ പിന്മാറുമെന്നോ‍, ജന്തർമന്തറിൽ നേരിട്ടെത്തി പ്രതിഷേധിക്കുമെന്നോ ആണ്‌ പൊലീസ്‌ കരുതിയത്‌. എന്നാൽ, അഖിലേന്ത്യാ കിസാൻ സഭ ഓഫീസിൽ നിന്ന്‌ മാർച്ച്‌ ആരംഭിച്ചതോടെ പൊലീസ്‌ പ്രതീക്ഷകൾ തെറ്റി. ആയിരത്തിലധികം പേർ മാർച്ചിൽ പങ്കെടുക്കുമെന്നും പൊലീസിന്‌ തിട്ടമുണ്ടായിരുന്നില്ല.


നിരത്തിയിട്ട ബാരിക്കേഡുകളെല്ലാം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നത്‌ പൊലീസിന്‌ നോക്കിനിൽക്കേണ്ടി വന്നു. വെള്ളിയാഴ്‌ച രാവിലെ മുതൽ മെട്രോ അടച്ചും ഇന്റർനെറ്റ് നിരോധിച്ചും പ്രതിഷേധക്കാരെ തടയാൻ നടത്തിയ ശ്രമങ്ങളും പാഴായി. പ്രതിബന്ധങ്ങളെല്ലാം മറികടന്ന്‌ മുഴുവാനാളുകളും മുൻപ്‌ പ്രഖ്യാപിച്ചത്‌ പ്രകാരം 11 മണിക്ക്‌ തന്നെ മാർച്ച്‌ ആരംഭിക്കുന്ന സ്ഥലത്തെത്തി.


ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമാഘ്നരാജ്‌ ഭട്ടാചാര്യ, അഖിലേന്ത്യാ ട്രഷറർ സഞ്ജീവ്‌ കുമാർ, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വി വസീഫ്‌, കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ജയ്‌ക്‌ സി തോമസ്‌, എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി എം വിജിൻ, സംസ്ഥാന ട്രഷറർ ആർ രാഹുൽ‍, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ശിൽപ സുരേന്ദ്രൻ‍, കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം സ‍ൂരജ്‌ ഇളമൺ തുടങ്ങിയവരും അറസ്റ്റിലായി. അറസ്റ്റിലായവർ ജയിലിലും പ്രതിഷേധം തുടർന്നു.


പ്രതിഷേധക്കാരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയതിന്‌ ശേഷവും പൊലീസ്‌ ബുദ്ധിമുട്ടി. പൊലീസ്‌ സ്‌റ്റേഷനിലും നേതാക്കളും പ്രവർത്തകരും പ്രതിഷേധം തുടർന്നു. പ്രതിഷേധക്കാരാൽ ഡൽഹിയിലെ പൊലീസ്‌ സ്‌റ്റേഷനുകൾ നിറയുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home