Deshabhimani

'എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിൽ അഭിമാനമുണ്ട്': മുൻ സ്പെയിൻ താരം പെഡ്രോ റോഡ്രിഗസ് വിരമിച്ചു

pedro
വെബ് ഡെസ്ക്

Published on Oct 07, 2026, 09:18 PM | 1 min read

മാഡ്രിഡ്: ബാഴ്സലോണ, ചെൽസി ക്ലബുകളുടെ മുൻതാരവും സ്പെയിൻ ദേശീയ ടീം അംഗവുമായിരുന്ന പെഡ്രോ റോഡ്രിഗസ് വിരമിച്ചു. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് ലാസിയോ വിട്ടതിന് ശേഷം ക്ലബ്ബില്ലാതെ തുടരുകയായിരുന്നു താരം. 39 ആം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്


ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ പ്രധാന കിരീടങ്ങൾ നേടിയ പെഡ്രോ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.


“ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണെന്ന് തോന്നുന്നു. ജീവിതത്തിൽ പുതിയൊരു അധ്യായത്തിലേക്ക് കടക്കാനുള്ള സമയമാണിത്. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിൽ അഭിമാനമുണ്ട്. എന്നെ ഇത്രയധികം സന്തോഷിപ്പിച്ചതിന് നന്ദി, ഫുട്ബോൾ,” പെഡ്രോ കുറിച്ചു.


2005 ൽ ബാഴ്സലോണയിലെത്തിയ പെഡ്രോ 2008 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ക്ലബ്ബിനായി 321 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയ താരം അഞ്ച് ലാലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി.


സ്പെയിനിനായി 65 മത്സരങ്ങൾ കളിച്ച പെഡ്രോ 2010 ലെ ലോകകപ്പും 2012 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടി. 2015 ൽ ബാഴ്സലോണ വിട്ട് ചെൽസിയിലെത്തിയ താരം 206 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടി. 2017ൽ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി.


2020 ൽ റോമയിലെത്തിയ പെഡ്രോ പിന്നീട് ലാസിയോയിലേക്ക് മാറി. അഞ്ച് വർഷത്തിനിടെ ലാസിയോയ്ക്കായി 209 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയ ശേഷമാണ് താരം കളിക്കളത്തോട് വിടപറയുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home