print edition ഒറ്റക്കെട്ട്; വിലക്ക് കൂസാതെ യുവത

സിജെപി പ്രവർത്തകർ ചൊവ്വാഴ്ച ജന്തർമന്തറിൽ പ്രവേശിച്ച് പ്രതിഷേധിച്ചപ്പോൾ
ന്യൂഡൽഹി: ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർമന്തറിൽ സിജെപി പ്രവർത്തകർ ദേശീയപതാക ഉയർത്തി. പൊലീസിന്റെയും കേന്ദ്രസേനകളുടെയും കണ്ണുവെട്ടിച്ച് ദേശീയ കൺവീനർമാരായ അശുതോഷ് റംകയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിലാണ് ചൊവ്വ രാവിലെ ജന്തർമന്തറിൽ പ്രവേശിച്ചത്. സമരഭൂമിയിലേക്ക് നേരിട്ടെത്താതെ ജെഡിയു ഓഫീസ് ഭാഗത്തുനിന്ന് പ്രവർത്തകർ ജന്തർമന്തർ റോഡിലേക്ക് ചാടി മുദ്രാവാക്യം മുഴക്കി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രിയായിട്ടും ഇവരെ വിട്ടയച്ചില്ല.
ജന്തർമന്തർ തിരിച്ചുപിടിക്കാൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹിം, എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിരോധനങ്ങളിലൂടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ ശ്രമം. ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും വരുംദിവസങ്ങളിൽ ജന്തർമന്തറിൽ വലിയ പ്രതിഷേധങ്ങൾ നടത്തും. രാജ്യമാകെ ആയിരക്കണക്കിന് ജന്തർമന്തറുകൾ സൃഷ്‌ടിക്കും –അവർ പറഞ്ഞു.
എഐഎസ്‌എഫ്, എഐവൈഎഫ് നേതൃത്വത്തിൽ പാർലമെന്റ് സ്‌ട്രീറ്റിൽനിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധമാർച്ച് നടത്തി. കസ്റ്റഡിയിലെടുത്തവർ പൊലീസ് ബസിൽനിന്ന് പുറത്തുചാടി സമരം തുടർന്നു. മുഴുവനാളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എൻഎസ്‌യുഐ കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചു.








0 comments