തളർന്ന് കിടപ്പിലായ ഭാര്യാസഹോദരനില്‍ നിന്ന് 1.48 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മസ്തിഷ്കാഘാതത്തെ തുടർന്ന് തളർന്ന് കിടപ്പിലായ ഭാര്യാസഹോദരന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കിടപ്പിലായ ഭാര്യാസഹോദരനെ ശുശ്രൂഷിക്കാനെന്ന പേരിൽ നിന്ന് കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്താണ് ഇയാൾ 1.48 ലക്ഷം തട്ടിയത്.
ശുഭം ജെയിൻ എന്ന 26 കാരനാണ് അറസ്റ്റിലായത്. ഈ വർഷം ജനുവരി മുതൽ ശുഭം ജെയിൻ ബുരാരിയിൽ അളിയനും കുടുംബത്തിനൊപ്പം താമസിച്ച് വരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ പണം നഷ്ടപ്പെട്ടതായി കാണിച്ച് റോഹൻ അഗർവാൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകിയതോടെയാണ് ശുഭം ജെയിൻ നടത്തിയ തട്ടിപ്പ് പുറത്താകുന്നത്.
ബുരാരിയിൽ ട്യൂഷൻ സെന്റർ നടത്തുകയായിരുന്ന റോഹൻ അഗർവാൾ തനിക്ക് ലഭിക്കുന്ന തുക അമ്മയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. ഒരിക്കൽ സംശയം തോന്നി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1,48,626 രൂപ അക്കൗണ്ടിൽ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. തുടർന്നാണ് പരാതി നൽകിയത്. അന്വേഷണത്തിൽ അദം ജീത് സിങ്ങ് എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് മനസിലായി. പിന്നീട് ആ പണം ശുഭം ജെയിന്റെ അക്കൗണ്ടിലേക്ക് വരികയായിരുന്നു. ഇവർ രണ്ട് പേരും തമ്മിൽ തുടർച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മെയ് 20 ന് ശുഭം ജെയിനെ പൊലീസ് അറസ്റ്റ് ചെയ്തു.











0 comments