നടി അൻസിബയുടെ പരാതി: ടിനി ടോമിന് മുൻകൂർ ജാമ്യം

എറണാകുളം: നടി അൻസിബ ഹസൻ നൽകിയ മാനനഷ്ടക്കേസിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് ജാമ്യം നൽകിയത്. അൻസിബയ്‌ക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.
താരസംഘടനയായ 'അമ്മ'യിൽ അൻസിബ ജോയിൻ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതിനു പിന്നാലെയാണ് ഇരുവർക്കുമിടയിലെ ഭിന്നത പരസ്യമായത്. തനിക്കെതിരെ ടിനി ടോം വ്യക്തിഹത്യ നടത്തുന്നതായി അൻസിബ ആരോപിച്ചിരുന്നു.
നേരത്തെ കടവന്ത്ര പൊലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശപ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് ടിനി ടോം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.











0 comments